"ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ". (സങ്കീര്‍ത്തനം 90:12).
2024 എന്ന പുതുവര്‍ഷം ആരംഭിക്കുവാന്‍ ഇനിയും ഏകദേശം രണ്ടര മാസത്തോളം മാത്രമേ ബാക്കിയുള്ളൂ. ഈ വര്‍ഷം എത്ര വേഗത്തില്‍ കടന്നുപോയി. ഒരുവന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്, "സമയവും ഗതിമാറ്റവും ഒരു മനുഷ്യനു വേണ്ടിയും കാത്തുനില്‍ക്കുന്നില്ല". ഘടികാരത്തില്‍ നിന്നുള്ള ഓരോ ടിക് ശബ്ദവും ഒരു സൂചനയാണ്, അത് ഈ ഭൂമിയിലെ നമ്മുടെ നിലനില്‍പ്പിന്‍റെ പരിമിതമായ സ്വഭാവത്തിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാകുന്നു.
വേദപുസ്തകം നമുക്ക് ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു, "ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ". (എഫെസ്യര്‍ 5:15-16).
പ്രത്യക്ഷമായ നേട്ടങ്ങളോ അല്ലെങ്കില്‍ വളര്‍ച്ചയോ ഇല്ലാതെ ദിവസങ്ങളും, ആഴ്ചകളും, മാസങ്ങള്‍ പോലും മണല്‍ത്തരികള്‍ പോലെ നമ്മുടെ വിരല്‍ത്തുമ്പിലൂടെ കടന്നുപോകുവാന്‍ അനുവദിക്കുന്നത് എളുപ്പമാണ്.അപ്പോസ്തലനായ പൌലോസ് എഫേസ്യ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, ജീവിതത്തിലൂടെയുള്ള നമ്മുടെ നടപ്പ് ഉദ്ദേശങ്ങളും ജ്ഞാനവും നിറഞ്ഞതായിരിക്കണം. 2024 ന്‍റെ വരവ് ആഴമായി നമ്മെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കണം. നമ്മുടെ ദിവസങ്ങള്‍ നമ്മുടെ ദൈവീകമായ ഉദ്ദേശങ്ങള്‍ക്ക് അനുസൃതമായാണോ നാം ജീവിക്കുന്നത്?
പലപ്പോഴും, നമ്മുടെ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന ശബ്ദങ്ങളാല്‍, ദൌത്യങ്ങളാല്‍, അപേക്ഷകളാല്‍ നാം ചുറ്റപ്പെട്ടിരിക്കുന്നു. എന്നാല്‍ അവ ആവശ്യപ്പെടുന്ന സമത്തിനു തക്ക യോഗ്യത അതിനുണ്ടോ? നാം ശ്രദ്ധയുള്ളവര്‍ ആയില്ലെങ്കില്‍, നാം ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന ദിശയില്‍ നിന്നും വളരെ അകലെയുള്ള ദിശകളിലേക്ക് നാം വലിച്ചെറിയപ്പെടുവാന്‍ സാദ്ധ്യതയുണ്ട്.
"എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്‍റെ ദൈവം എന്നു ഞാൻ പറഞ്ഞു. എന്‍റെ കാലഗതികൾ നിന്‍റെ കൈയിൽ ഇരിക്കുന്നു". (സങ്കീര്‍ത്തനം 31:14-15).
ഓര്‍ക്കുക, നമ്മുടെ സമയം ദൈവത്തിന്‍റെ ഒരു ദാനമാകുന്നു, അതിനെ ആ നിലയില്‍ കൈകാര്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ സമയം, തീര്‍ച്ചയായും നമ്മുടെ ജീവിതവും, സര്‍വ്വശക്തന്‍റെ കൈകളിലാണെന്ന് മനഃപൂര്‍വ്വമായി നാം അംഗീകരിക്കണം. നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന ഓരോ നിമിഷങ്ങളും ദൈവരാജ്യത്തിന്‍റെ വ്യാപ്തിയ്ക്കായുള്ള ഒരു അവസരമാകുന്നു.
വര്‍ഷത്തിന്‍റെ അവസാനത്തിലേക്ക് വരുമ്പോള്‍, ഇത് ചിന്തിക്കുക: നിങ്ങളുടെ ലക്ഷ്യങ്ങള്‍ ദൈവം നിങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന മഹത്തായ പദ്ധതികളുമായി യോജിക്കുന്നതാണോ? നമ്മുടെ അഭിലാഷങ്ങളെ ദൈവീകമായ ഉദ്ദേശ്യവുമായി സമന്വയിപ്പിക്കുമ്പോള്‍, ലൌകീകമായ പരിശ്രമങ്ങളോട് യോജിക്കാത്ത നിറവും സമാധാനവും നാം അനുഭവിക്കും.
നമുക്കായുള്ള ദൈവത്തിന്‍റെ പദ്ധതികള്‍ സ്നേഹത്തിലും, പ്രത്യാശയിലും, അഭിവൃദ്ധിയിലും വേരൂന്നിയതാണ്. അപ്പോള്‍, ലോകത്തിന്‍റെ അരാജകത്വത്തിനും ശൂന്യതയ്ക്കും ഇടയില്‍ ദൈവത്തിന്‍റെ ശബ്ദം വിവേചിച്ചറിയുക എന്നത് നിര്‍ണ്ണായകമായ കാര്യമാണ്. നമ്മുടെ ലക്ഷ്യങ്ങള്‍ നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ ആഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തികൊണ്ട്, ഈ വിവേചനം നമ്മുടെ പാതയെ നയിക്കുവാന്‍ സഹായിക്കുന്നു.
ഒരുപക്ഷേ, സദുദ്ദേശ്യമായ ജീവിതത്തിന്‍റെ ഏറ്റവും വെല്ലുവിളി നിറഞ്ഞതായ ഒരു കാര്യം "ഇല്ല" എന്ന് പറയുന്നതായിരിക്കാം. എല്ലാ അവസരങ്ങളും ദൈവത്താല്‍ നല്കപ്പെടുന്നതല്ല. നമ്മുടെ പാതയില്‍ കൂടി കടന്നുവരുന്ന സകല മനുഷ്യരും നമ്മുടെ ദൈവീകമായ ലക്ഷ്യസ്ഥാനത്തിലേക്ക് നമ്മോടുകൂടെ യാത്ര ചെയ്യേണ്ടിയവരും ആയിരിക്കില്ല.
"യഹോവ ശമൂവേലിനോട്: അവന്‍റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു". (1 ശമുവേല്‍ 16:7).
ഈ തിരുവചനം ഒരു ദിശാബോധം നല്‍കുന്ന ഉപകരണം പോലെയായിരിക്കട്ടെ. ഉപരിവിപ്ലവും ആകര്‍ഷകവുമായതിനെ ലോകം ഒരുപക്ഷേ വിലമതിച്ചേക്കാം, എന്നാല്‍ ദൈവം നോക്കുന്നത് അകത്തെ മനുഷ്യനേയും , സകലത്തിന്‍റെയും പിന്നിലെ ഉദ്ദേശത്തേയുമാണ്. നിങ്ങള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ പദ്ധതികളോടും ഉദ്ദേശ്യത്തോടും യോജിക്കാത്ത വാഗ്ദാനങ്ങളെയും, ബന്ധങ്ങളേയും, അഥവാ അവസരങ്ങളേയും നിഷേധിക്കുവാനുള്ള ധൈര്യം ഉണ്ടായിരിക്കണം.
പ്രാര്‍ത്ഥന
പിതാവേ, പുതു വര്‍ഷത്തിനായുള്ള കൌണ്ട് ഡൌണ്‍ ആരംഭിക്കുമ്പോള്‍, അങ്ങയുടെ ഉദ്ദേശ്യത്തില്‍ ഞങ്ങളുടെ നങ്കൂരം ഉറപ്പിക്കേണമേ. ഘടികാരത്തിലെ ഓരോ ടിക് ശബ്ദങ്ങളും ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങയുടെ ആഗ്രഹത്തിന്‍റെ പ്രതിധ്വനിയായി മാറട്ടെ, മാത്രമല്ല അങ്ങയുടെ നാമത്തിനു മഹത്വം വരുത്തുന്ന പാതകള്‍ മാത്രം തിരഞ്ഞെടുക്കുവാന്‍ അത് ഞങ്ങളെ നയിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ശീര്ഷകം: പുരാണ യിസ്രായേല്യ ഭവനങ്ങളില് നിന്നുള്ള പാഠങ്ങള്● ദൈവത്താല്‍ നല്കപ്പെട്ട ഒരു സ്വപ്നം
● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിരാശയെ എങ്ങനെ അതിജീവിക്കാം
● മറ്റുള്ളവരിലേക്ക് പകരുന്നത് നിര്ത്തരുത്
● വ്യത്യാസം വ്യക്തമാണ്
● സ്വയം പുകഴ്ത്തുന്നതിലെ കെണി
അഭിപ്രായങ്ങള്‍