"എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ". (എബ്രായര്‍ 11:6).
ദൈവത്തോടുകൂടെയുള്ള നമ്മുടെ യാത്രയില്‍, വിശ്വാസത്തോടെ ചുവട് വെക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുവാനുതകുന്ന, ദൈവത്തിന്‍റെ ശബ്ദം നമ്മുടെ ഹൃദയങ്ങളില്‍ വ്യക്തമായി പ്രതിധ്വനിക്കുന്ന നിമിഷങ്ങളുണ്ട്. എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍, മടി കാണിക്കുന്നതും, ചോദ്യം ചെയ്യുന്നതും, സ്ഥിരീകരണം തേടുന്നതും മാനുഷീക സ്വഭാവമാണ്. "നമ്മെ യഥാര്‍ത്ഥമായി നയിക്കുന്നത് ദൈവമാണെന്ന് നമുക്ക് അറിയാമെങ്കില്‍, നാം പെട്ടെന്നുതന്നെ 'അതേ' എന്ന് പറഞ്ഞുകൊണ്ട് ശക്തമായി പ്രതികരിക്കാത്തത് എന്തുകൊണ്ട്?" എന്ന് ഒരുവന്‍ അത്ഭുതപ്പെട്ടെക്കാം.
യിസ്രായേല്‍ മക്കള്‍, അവരുടെ പുറപ്പാടിന്‍റെ കാലങ്ങളില്‍, ചെങ്കടല്‍ വിഭാഗിക്കപ്പെട്ടതു മുതല്‍ മന്ന ലഭിച്ചതുവരെയുള്ള ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ചവരാണ്. എന്നിട്ടും, ഒട്ടനവധി പ്രാവശ്യം അവര്‍ ദൈവത്തിന്‍റെ പദ്ധതികളെ ചോദ്യം ചെയ്യുകയും, സംശയിക്കുകയും, അതിനോട് പിറുപിറുക്കുകയും ചെയ്തു. നമ്മുടേതായ ഹൃദയത്തിന്‍റെ പോരാട്ടങ്ങളാണ് അവരുടെ യാത്ര പ്രതിഫലിപ്പിക്കുന്നത്.
"നിന്‍റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്‍റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ച് നിന്‍റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം". (ആവര്‍ത്തനം 8:2).
നമ്മുടെ നിസംഗത പലപ്പോഴും അജ്ഞാതമായ ഭയം, കഴിഞ്ഞ കാലങ്ങളിലെ നിരാശകള്‍, അല്ലെങ്കില്‍ മാനുഷീകമായ നമ്മുടെ പരിമിതികളുടെ ഭാരം എന്നിവയില്‍ നിന്നാകുന്നു ഉളവാകുന്നത്. എന്നാല്‍ ദൈവം തന്‍റെ അനന്തമായ ജ്ഞാനത്താല്‍ നമ്മുടെ ബലഹീനതകള്‍ മനസ്സിലാക്കുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു (സങ്കീര്‍ത്തനം 103:14). സ്ഥിരീകരണം ആവശ്യപ്പെട്ടതിന് അവന്‍ നമ്മെ കുറ്റംവിധിക്കുന്നില്ല, മറിച്ച് നാം വിശ്വാസത്തില്‍ വളരുവാന്‍ വേണ്ടി ദൈവം നമ്മെ വിളിക്കുകയാണ്.
ഗിദയോന്‍റെ ചരിത്രം ഈ സന്ദര്‍ഭത്തില്‍ വെളിച്ചം വീശുന്നതാണ്. നീ യിസ്രായേലിനെ മിദ്യാന്‍റെ കയ്യില്‍ നിന്നും രക്ഷിക്കുമെന്ന് യഹോവയുടെ ദൂതന്‍ ഗിദയോനു പ്രത്യക്ഷനായി പറഞ്ഞപ്പോള്‍, ഒരു പ്രാവശ്യമല്ല, പല പ്രാവശ്യം ഒരു തോല്‍ ഉപയോഗിച്ചുകൊണ്ട് അതിന്‍റെ സ്ഥിരീകരണത്തിനായി കാത്തിരുന്നു (ന്യായാധിപന്മാര്‍ 6:36-40). ഗിദയോന്‍റെ അപേക്ഷ വിശ്വാസത്തിന്‍റെ അഭാവമായി ചിന്തിക്കുവാന്‍ എളുപ്പമാണെങ്കിലും, അവന്‍ ദൈവത്തിന്‍റെ ഹിതം പിന്തുടരുന്നു എന്ന് ഉറപ്പാക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമായും നമുക്ക് അവയെ കാണുവാന്‍ സാധിക്കും.
ഇത് നമ്മെ പഠിപ്പിക്കുന്നത് ആഴത്തിലുള്ള കാര്യങ്ങളാണ്: സ്ഥിരീകരണത്തിനായുള്ള നമ്മുടെ അന്വേഷണത്തില്‍ ദൈവം നമ്മോടു ക്ഷമയുള്ളവനാകുന്നു. ദൈവത്തിലുള്ള നമ്മുടെ പൂര്‍ണ്ണമായ ആശ്രയം ദൈവം ആഗ്രഹിക്കുമ്പോള്‍ തന്നെ, ഉറപ്പിനായുള്ള നമ്മുടെ ആവശ്യത്തെ അവന്‍ മനസ്സിലാക്കുകയും ചെയ്യുന്നു.
"പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും". (സദൃശ്യവാക്യങ്ങള്‍ 3:5-6).
എന്നാല്‍ അതിലും ആഴമായ ഒരു പാഠമുണ്ട്. നാം മടികൂടാതെ "അതേ" എന്ന് പറയുമ്പോള്‍ ഒക്കേയും, പൂര്‍ണ്ണമായ ചിത്രം കാണാതെ നാം ആശ്രയിക്കുമ്പോള്‍ ഒക്കെയും, നാം നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത് മറിച്ച് ദൈവത്തിന്‍റെ ഹൃദയത്തിന്‍റെ അടുക്കലേക്ക് നീങ്ങുക കൂടി ചെയ്യുന്നു. വിശ്വാസത്തിലുള്ള സഹകരണം ഒരു ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ്, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവുമായുള്ള ബന്ധത്തിലും ഇത് വ്യത്യസ്തമല്ല.
വിശ്വാസികള്‍ എന്ന നിലയില്‍, നമ്മുടെ വിശ്വാസത്തില്‍ പക്വത കൈവരിക്കുക എന്നതും, ദൈവത്തിന്‍റെ വിളിയോടുള്ള നമ്മുടെ ആദ്യത്തെ പ്രതികരണം അചഞ്ചലമായ "അതേ" എന്നായിരിക്കുന്ന സ്ഥലത്ത് നാം എത്തുക എന്നതും ആയിരിക്കണം നമ്മുടെ ലക്ഷ്യം. ഇന്ന് നിങ്ങളെത്തന്നെ നിസംഗതരായി നിങ്ങള്‍ കാണുന്നുവെങ്കില്‍, ദൈവം നിങ്ങള്‍ക്കായി വന്നിട്ടുള്ള എണ്ണമറ്റ സന്ദര്‍ഭങ്ങളെ ഓര്‍ക്കുക. ദൈവം തന്‍റെ വിശ്വസ്തത കാണിച്ചതായ നിമിഷങ്ങള്‍, അവന്‍ നിങ്ങളുടെ ചുവടുകളെ നയിച്ചതായ സമയങ്ങള്‍, നിങ്ങളുടെ ദുഃഖത്തെ സന്തോഷമായി ദൈവം മാറ്റിയ സാഹചര്യങ്ങള്‍ ഇവയെല്ലാം ചിന്തിക്കുക.
ഈ ഓര്‍മ്മകള്‍ നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തട്ടെ. ദൈവം സംസാരിക്കുമ്പോള്‍, "അടിയന്‍ ഇതാ, കര്‍ത്താവേ അടിയനെ അയക്കേണമേ" എന്ന് പറയുവാന്‍ നിങ്ങളുടെ ഹൃദയം ഒരുക്കമായിരിക്കട്ടെ.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയിലുള്ള ഞങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ. അങ്ങ് വിളിക്കുമ്പോള്‍ ഒക്കേയും, അവിടുന്ന് എല്ലായിപ്പോഴും വിശ്വസ്തന്‍ ആയിരുന്നു' എന്നറിഞ്ഞുകൊണ്ട്, ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും ഉറപ്പോടെ 'അതേ' എന്ന പ്രതിധ്വനി ഉണ്ടാകട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മറ്റുള്ളവരോട് കൃപ കാണിക്കുക● ദാനം നല്കുവാനുള്ള കൃപ - 2
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 1
● അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കുക
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 2
● വിത്തിന്റെ ശക്തി - 1
● ദൈവത്തിന്‍റെ വചനത്തില് മാറ്റം വരുത്തരുത്
അഭിപ്രായങ്ങള്‍