നമ്മുടെ സഭകളിലും ശുശ്രൂഷകളിലും, ഔദാര്യം, കാര്യവിചാരകത്വം, വിശ്വാസം എന്നിവയെക്കുറിച്ചുള്ളതായ നമ്മുടെ അറിവിനെ ചോദ്യം ചെയ്യുന്നതായ സാഹചര്യങ്ങള്‍ നാം പലപ്പോഴും അഭിമുഖീകരിക്കാറുണ്ട്. സഹവിശ്വാസികള്‍ സാമ്പത്തീക സഹായം ആവശ്യപ്പെടുന്നതാണ് അത്തരത്തിലുള്ള ഒരു സാഹചര്യം. അത് നല്‍കുവാന്‍ നമ്മുടെ ഹൃദയം നമ്മെ പ്രേരിപ്പിക്കുമ്പോഴും, ഇങ്ങനെയുള്ള നിമിഷങ്ങളില്‍ ജ്ഞാനവും വിവേചനവും ആവശ്യമാകുന്നു.
ഔദാര്യമനസ്കരും ദയാഹൃദയരും ആയിരിക്കുവാന്‍ വേദപുസ്തകം നമ്മെ ഉപദേശിക്കുന്നു, സദൃശ്യവാക്യങ്ങള്‍ 19:17 പറയുന്നു, "എളിയവനോടു കൃപ കാട്ടുന്നവൻ യഹോവയ്ക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും". എന്നിരുന്നാലും, സഭയ്ക്കകത്തു നിന്നും അടിക്കടി വായ്പ്പ വാങ്ങുന്നത് സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നത് കഴിഞ്ഞ അനേക വര്‍ഷങ്ങളായി ഞാന്‍ കണ്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ചില വ്യക്തികള്‍, സഹവിശ്വാസികളുടെ ദയയെ ചൂഷണം ചെയ്തുകൊണ്ട്, തിരികെ കൊടുക്കാതെ നിരന്തരമായി കടം വാങ്ങിക്കുന്നു, അത് തര്‍ക്കങ്ങള്‍ക്കും മുറിവുകള്‍ക്കും കാരണമാകുന്നു. ഈ പെരുമാറ്റം ബന്ധങ്ങളെ വഷളാക്കുക മാത്രമല്ല സഭയ്ക്കുള്ളിലെ ഐക്യതയെ തകര്‍ക്കുകയും ചെയ്യുന്നു.
ഈ വിഷയത്തില്‍ തിരുവചനം നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്. സങ്കീര്‍ത്തനം 37:21 പ്രസ്താവിക്കുന്നു, "ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു". ദാനം ചെയ്യുന്ന പ്രവൃത്തിയും വായ്പ്പ വാങ്ങിക്കുന്ന പ്രവൃത്തിയും തമ്മിലുള്ള അടിസ്ഥാനപരമായ ഒരു വ്യത്യാസത്തെ ഈ വാക്യം എടുത്തുകാണിക്കുന്നു. കടം കൊടുക്കുന്നത് തിരിച്ചടവ് പ്രതീക്ഷിക്കുന്നു മാത്രമല്ല ബാധ്യതയുടെ ഒരു ബന്ധനം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു, എന്നാല്‍ ദാനം ചെയ്യുക എന്നത് തിരികെ പ്രതീക്ഷിക്കാതെയുള്ള ഇച്ഛാശക്തിയുടെ പ്രവര്‍ത്തിയാണ്.
ഉദാരമനസ്കര്‍ ആയിരിക്കുക എന്നാല്‍ നമുക്ക് സാമാന്യബുദ്ധി ഇല്ലാതിരിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. യാക്കോബ് 1:5 ല്‍ ഉപദേശിച്ചിരിക്കുന്നതുപോലെ, ജ്ഞാനത്തിനായി പ്രാര്‍ത്ഥിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, "നിങ്ങളിൽ ഒരുത്തനു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും". എപ്പോള്‍ കൊടുക്കണം, എത്രയാണ് കൊടുക്കേണ്ടത്, ആര്‍ക്കെല്ലാം കൊടുക്കണം എന്നിദ്യാതി കാര്യങ്ങള്‍ വിവേചിക്കുവാന്‍ ഈ ജ്ഞാനം നമ്മെ സഹായിക്കുന്നു. ഇത് ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന വിഭവങ്ങളുടെ കാര്യനിര്‍വ്വഹണത്വത്തെ സഹായിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ സന്തുലിതമാക്കുന്നതിനെ സംബന്ധിച്ചാകുന്നു.
ഒരു സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍, അതിന്‍റെ ഐക്യവും, സമാധാനവും കാത്തുസൂക്ഷിക്കുന്നതില്‍ നാം പങ്കുവഹിക്കുന്നു. എഫെസ്യര്‍ 4:3 നമ്മെ പ്രബോധിപ്പിക്കുന്നത്, "ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ". ആവര്‍ത്തിച്ചു വായ്പ്പ വാങ്ങുന്നതായ സാഹചര്യം നേരിടുമ്പോള്‍, അതിനെ സ്നേഹത്തോടേയും, വിവേകത്തോടെയും അഭിസംബോധന ചെയ്യേണ്ടത് പ്രാധാന്യമായതാണ് മാത്രമല്ല സഭയുടെ ഐക്യത നിലനിര്‍ത്തുവാന്‍ വേണ്ടി ഒരു പരിഹാരം കണ്ടെത്തേണ്ടതിനു ഒരുപക്ഷേ സഭാനേതൃത്വത്തേയും ഉള്‍പ്പെടുത്തുന്നത് ഗുണകരമാകും. നിരന്തരമായി കടം വാങ്ങിക്കുന്ന വ്യക്തികളെ നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, അങ്ങനെയുള്ള കാര്യങ്ങളെ രഹസ്യമായി പാസ്റ്റര്‍മാരെ അറിയിക്കുക എന്നത് താങ്കളുടെ കടമയാകുന്നു. നിങ്ങളുടെ പെട്ടെന്നുള്ള പ്രവൃത്തി ഒരുപാട് പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിച്ചേക്കാം.
നമ്മുടെ വിശ്വാസജീവിത യാത്ര നമ്മെ വിളിക്കുന്നത് ഉദാരമനസ്കര്‍ ആയിരിക്കുവാനും അപ്പോള്‍ത്തന്നെ ജ്ഞാനികളായിരിക്കാനും ആകുന്നു. ഈ ജലാശയങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍, നമ്മുടെ ആത്യന്തീകമായ വിശ്വാസവും ആശ്രയവും നമ്മുടെ സകല ആവശ്യങ്ങളുടേയും ദാതാവായിരിക്കുന്ന ദൈവത്തില്‍ ആകുന്നുവെന്ന് നമുക്ക് ഓര്‍ക്കാം.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങള്‍ ദാനം ചെയ്യുന്നതില്‍ ഞങ്ങളെ നയിക്കുകയും ജ്ഞാനത്തോടുകൂടി ഉദാരമനസ്കതയുടെ ഒരു ആത്മാവിനെ ഞങ്ങളില്‍ വളര്‍ത്തുകയും ചെയ്യേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളില്‍ അങ്ങയുടെ സ്നേഹവും കൃപയും പ്രതിഫലിപ്പിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ ദാനങ്ങള്‍, മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ വളരുന്ന അങ്ങയുടെ അനുഗ്രഹത്തിന്‍റെ വിത്തുകളായിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● ദിവസം 08 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● ദിവസം 37: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ സാമര്‍ത്ഥ്യത്തിന്‍റെ നിറവില്‍ എത്തുക
● യേശു അത്തിമരത്തെ ശപിച്ചത് എന്തുകൊണ്ട്?
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #20
● ദിവസം 23: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 12 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍