അനുദിന മന്ന
ദിവസം 27: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Saturday, 6th of January 2024
2
1
381
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മ
"എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ (ഉപദേശകന്, സഹായകന്, മദ്ധ്യസ്ഥന്‍, വക്താവ്, ശക്തീകരിക്കുന്നവന്‍, കൂടെനില്ക്കുന്നവന്), എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും". (യോഹന്നാന് 14:16 ആംപ്ലിഫൈഡ്).
പരിശുദ്ധാത്മാവ് ഒരു വ്യക്തിയും ദൈവത്വത്തിന്റെ ഒരു ഭാഗവുമാകുന്നു. ദൈവത്തിന്റെ വചനത്തിലും വ്യത്യസ്തരായ ദൈവത്തിന്റെ അഭിഷിക്ത മനുഷ്യരാലും അനേക കാര്യങ്ങള്‍ അവനെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും, അവനെ സംബന്ധിച്ച് നാം എത്രമാത്രം പറയുവാന്‍ ആഗ്രഹിക്കുന്നു എന്നതിനെ അപേക്ഷിച്ച്,ദൈവത്തിന്റെ ദാസന്മാരാല്‍ എഴുതപ്പെട്ട ആ അഭിഷിക്ത പുസ്തകങ്ങളില്‍ അവനെക്കുറിച്ച് ഇപ്പോഴും വളരെ കുറച്ചു മാത്രമേ പരാമര്‍ശിച്ചിട്ടുള്ളു.
ചുരുക്കത്തില്‍ പറഞ്ഞാല്‍, പരിശുദ്ധാത്മാവിനെ കുറിച്ച് നമുക്ക് പറയുവാനായി ധാരാളം കാര്യങ്ങളുണ്ട്, എന്നാല്‍ കഴിഞ്ഞ അനേക വര്‍ഷങ്ങളായി നാം വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമാണ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ദൈവീക ത്രിത്വത്തിലെ മൂന്നാമനാണ് പരിശുദ്ധാത്മാവ്, അവന്റെ പങ്കിനെ ദുര്ബലപ്പെടുത്തുവാന് കഴിയുകയില്ല, അങ്ങനെ ചെയ്യുവാനും പാടില്ല.
ആദിയില്‍, ദൈവത്തിന്റെ ആത്മാവ് പരിവര്‍ത്തിച്ചുകൊണ്ടിരുന്നു (ഉല്പത്തി 1:2). സൃഷ്ടിയില്‍ ദൈവത്തിന്റെ ആത്മാവ് സചീവമായിരുന്നു. ഇന്ന്, നാം പരിശുദ്ധാത്മാവുമായി സംസാരിക്കണമെന്നും അവനുമായുള്ള കൂട്ടായ്മയില്‍ തുടരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.
പരിശുദ്ധാത്മാവ് ആരാകുന്നു?
1. പരിശുദ്ധാത്മാവ് ദൈവമാകുന്നു. അവന് ദൈവത്വത്തിന്റെ ഭാഗമാണ് - പിതാവാം ദൈവം, പുത്രനാം ദൈവം, പരിശുദ്ധാത്മാവാം ദൈവം.
അവന് ഒരു വ്യക്തിയാകുന്നു, അവന് ദൈവവുമാകുന്നു. പലരും തെറ്റായി ധരിച്ചുവെച്ചിരിക്കുന്നതുപോലെ പരിശുദ്ധാത്മാവ് കേവലം ഒരു ശക്തി മാത്രമല്ല. അവന് ഒരു തീയോ, ഒരു പക്ഷിയോ, ഒരു പ്രാവോ, വെള്ളമോ അല്ല. ഈ കാര്യങ്ങള്‍ അവന് തന്റെ വ്യക്തിത്വമോ ശക്തിയോ പ്രകടമാക്കുവാന്‍ ഉപയോഗിക്കുന്ന പ്രതീകങ്ങള്‍ ആയിരിക്കാം, എന്നാല്‍ അതൊന്നും അവനാരായിരിക്കുന്നുവോ അതല്ല.
അവന് ദൈവമാകുന്നു, അവന് ഒരു വ്യക്തിയാകുന്നു. അവനു വികാരങ്ങളുണ്ട്; അവനു അനുഭവിക്കുവാന്‍, ദുഃഖിക്കുവാന്‍, സന്തോഷിക്കുവാന്‍ കഴിയും. അവനു സംസാരിക്കുവാന്‍ സാധിക്കും - ഇതെല്ലാം ജീവിതത്തിന്റെ അടയാളങ്ങളാകുന്നു.
2. നമ്മുടെ ഉള്ളിലുള്ള ദൈവത്തിന്റെ ആത്മാവാണ് പരിശുദ്ധാത്മാവ്. ലോകത്തില്‍ വ്യത്യസ്ത തരത്തിലുള്ള ആത്മാക്കളുണ്ട്, അവ മാനുഷീക ആത്മാക്കള്‍, ദൂതന്മാരുടെ ആത്മാക്കള്‍, പൈശാചീക ആത്മാക്കള്‍ എന്നിവയാണ്. പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവില്‍ വസിക്കുന്ന ദൈവത്തിന്റെ ആത്മാവാകുന്നു.
3. അവന് നമ്മുടെ ജീവിതത്തിലേക്ക് ജീവനെ, സ്നേഹത്തെ, സ്വഭാവത്തെ, ദൈവത്തിന്റെ ശക്തിയെ പകരുന്നു. നമ്മിലുള്ള അവന്റെ സാന്നിധ്യം ദൈവത്തിന്റെ ജീവനാല്‍ നമ്മെ ഊര്‍ജ്ജസ്വലമാക്കുന്നു. പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തിലൂടെ, ദൈവത്തിന്റെ സ്നേഹത്താലും സ്വഭാവത്താലും നാം നിറയപ്പെടുന്നു, മാത്രമല്ല ദൈവത്തിന്റെ ശക്തി നമ്മുടെ ജീവിതത്തില്‍ വസിക്കുകയും ചെയ്യുന്നു.
4. അവന് നിത്യനാകുന്നു.
പിതാവാം ദൈവത്തേയും, പുത്രനാം ദൈവത്തേയും പോലെ, പരിശുദ്ധാത്മാവിനും മരിക്കുവാന്‍ കഴിയില്ല. അവനു ആദിയും അവസാനവുമില്ല. ബാക്കിയുള്ളതെല്ലാം സൃഷ്ടിക്കപ്പെട്ടതായിരുന്നു - മനുഷ്യന്, ദൂതന്മാര്, പിശാചുക്കള്‍, സൃഷ്ടികള്‍, ആകാശം, ഭൂമി ഇവയെല്ലാം.
പിശാചുക്കളെ അഥവാ സാത്താന്യശക്തികളെ അവ ഇപ്പോഴുള്ളതുപോലെയല്ല ദൈവം സൃഷ്ടിച്ചത്; അവന് അവരെ ദൂതന്മാരായിട്ടാണ് സൃഷ്ടിച്ചത്. കാലക്രമേണ, അവ കുടിയേറിപാര്‍ക്കുകയും പിശാചുക്കളും, സാത്താന്യശക്തികളുമായി മാറുകയും ചെയ്തു. എന്നിരുന്നാലും, പരിശുദ്ധാത്മാവ് നിത്യനാകുന്നു; അവന് ജീവന്റെ ആത്മാവാകുന്നു (Zoe). അവനു മരിക്കുവാന്‍ കഴിയുകയില്ല മാത്രമല്ല ദൈവത്തെപ്പോലെ തന്നെ അവനും ആരംഭവും അവസാനവുമില്ല. അതുകൊണ്ട്, അവന് നിത്യനാണ്.
5. ദൈവത്തെ പ്രസാദിപ്പിക്കുന്നതില്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. അത് അവന്റെ ഉത്തരവാദിത്വമാകുന്നു; അവന് ഒരു സഹായിയാകുന്നു.
6. നമ്മുടെ പ്രാര്‍ത്ഥനാ ജീവിതത്തില്‍ അവന് നമ്മെ സഹായിക്കുന്നു (റോമര്‍ 8:26). ഒരു വിശ്വാസിയുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവ് സചീവമായി ചെയ്യുന്നതായ കാര്യങ്ങള്‍ ഇതൊക്കെയാകുന്നു.
7. അസാദ്ധ്യമായ കാര്യങ്ങളെ ചെയ്യുവാന്‍ അവന് നമ്മെ സഹായിക്കുന്നു, പ്രത്യേകിച്ച് അസാദ്ധ്യങ്ങളെ സാധ്യങ്ങളാക്കി മാറ്റുന്നതില്‍ സഹായിക്കുന്നു.
8. ശത്രുവിനെ ജയിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. യെശയ്യാവ് 59:19 പറയുന്നു ശത്രു ഒരു ജലപ്രവാഹം പോലെ വരുമ്പോള്‍, ദൈവത്തിന്റെ ആത്മാവ് അതിനെതിരായി ഒരു കൊടി ഉയര്‍ത്തുന്നു. ശത്രുവിനെ ജയിക്കുന്നതില്‍ ദൈവത്തിന്റെ ആത്മാവ് നമ്മെ സഹായിക്കുന്നു.
9. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ തികഞ്ഞ പദ്ധതിയില്‍ അവന് നമ്മെ നടത്തുന്നു.
നമ്മുടെ ഇന്നത്തെ കാലത്ത് പരിശുദ്ധാത്മാവിന്റെ പ്രധാനപ്പെട്ട ഏഴു ശുശ്രൂഷകള്‍ എന്തൊക്കെയാണ്?
യോഹന്നാന് 14:16 ന്റെ ആംപ്ലിഫൈഡ് പരിഭാഷ പ്രകാരം, പരിശുദ്ധാത്മാവിന്റെ ഏഴു സുപ്രധാന വശങ്ങളെ അത് വെളിപ്പെടുത്തുന്നു.
- അവന് ഒരു ആശ്വാസപ്രദന്‍ ആകുന്നു.
- ഉപദേശകന്.
- സഹായകന്.
- മദ്ധ്യസ്ഥന്‍.
- വക്താവ്.
- ശക്തീകരിക്കുന്നവന്‍.
- കൂട്ടാളി.
ഇതാണ് പരിശുദ്ധാത്മാവിന്റെ ഏഴു ശുശ്രൂഷകള്‍. അവയെ മനസ്സിലാക്കുന്നത് ഈ വ്യത്യസ്ത മേഖലകളില്‍ അവനുമായി ആശയവിനിമയം നടത്തുവാന്‍ നിങ്ങളെ അനുവദിക്കും.
ആകയാല്‍, നമുക്ക് ആദ്യത്തേത് നോക്കാം:
1. അവന് ആശ്വാസപ്രദനാകുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവുമായി സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസത്തിന്റെ ശുശ്രൂഷയെ ആസ്വദിക്കുവാന്‍ സാധിക്കും. ആളുകള്‍ക്ക് നിങ്ങളെ മനസ്സിലാക്കുവാന്‍ കഴിയാത്തതായ സമയങ്ങളുണ്ട്. എന്നാല്‍ നിങ്ങള്‍ പരിശുദ്ധാത്മാവുമായി സംസാരിക്കുമ്പോള്‍, അവന് നിങ്ങളെ ആശ്വസിപ്പിക്കും, കാരണം ആ സന്ദര്‍ഭത്തില്‍, മനുഷ്യനു സഹായിക്കുവാന്‍ കഴിയുകയില്ല. മനുഷ്യരുടെ വാക്കുകള്‍ മുറിപ്പെടുത്തുന്നതാണ് എന്നാല്‍ പരിശുദ്ധാത്മാവിന്റെ വാക്കുകള്‍ നിങ്ങളെ ആശ്വസിപ്പിക്കും.
2. അവന് ഒരു ഉപദേശകന് ആകുന്നു. എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് അറിയാത്തതായ സമയങ്ങള്‍ നിശ്ചയമായും ഉണ്ടാകും. പരിശുദ്ധാത്മാവുമായുള്ള യഥാര്‍ത്ഥമായ ആശയവിനിമയത്തിലൂടെ, നിങ്ങള്‍ പോകേണ്ട ദിശയെക്കുറിച്ചും, എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും നിങ്ങള്‍ക്ക് ഉപദേശം ലഭിക്കും.
3. അവന് നിങ്ങളുടെ സഹായകനാകുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനോടു സംസാരിക്കുമ്പോള്‍, സമയോചിതമായ സഹായം നിങ്ങള്‍ക്ക് അനുഭവിക്കാം. ആവശ്യങ്ങളുടെ സമയത്ത് നിങ്ങള്‍ക്ക് സഹായമുണ്ടാകും.
4. അവന് നിങ്ങളുടെ മധ്യസ്ഥനാകുന്നു. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ തികഞ്ഞ ഹിതമനുസരിച്ച് പരിശുദ്ധാത്മാവ് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു (റോമര്‍ 8:26). അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ വിശ്വസിക്കുന്നു. നാം അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ഇടുവില്‍ നില്ക്കുവാന് പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. അവന് ഞരക്കത്തോടെ പ്രാര്‍ത്ഥിക്കുകയും നമുക്കായി വാദിക്കുകയും ചെയ്യുന്നു. അവന് നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നു. ഇത് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷകള്‍ ആകുന്നു, നാം അവനുമായി ആശയവിനിമയം നടത്തുമ്പോള്‍, അവന്റെ വ്യക്തിത്വവും അവന്റെ ശുശ്രൂഷയും ആസ്വദിക്കുവാനുള്ള ഒരു സ്ഥാനത്താകുന്നു നാം. പരിശുദ്ധാത്മാവുമായുള്ള ആശയവിനിമയം പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മയാകുന്നു.
ഇത് നിങ്ങള്‍ അവനുമായി കൂട്ടായ്മയിലായിരിക്കുന്ന ഒരു സമയമാകുന്നു, അവനുമായി നിങ്ങള്‍ കൂട്ടായ്മയില്‍ ആയിരിക്കുമ്പോള്‍, നിങ്ങളുടെ ജീവിതത്തില്‍ അവന് പൂര്‍ത്തിയാക്കേണ്ട ഏഴു ശുശ്രൂഷകള്‍ സചീവമാകുന്നു.
നിങ്ങള്‍ക്ക് പരിശുദ്ധാത്മാവുമായി ആശയവിനിമയം നടത്തുവാന്‍ കഴിയുന്ന വഴികള്‍ എന്തൊക്കെയാണ്?
1. അവനെ അംഗീകരിക്കുക.
സദൃശ്യവാക്യങ്ങള്‍ 3:6 പറയുന്നു, "നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക". ഒരു വിശ്വാസിയെന്ന നിലയില്‍ അവന് നിങ്ങളുടെ ഉള്ളിലാകുന്നു, എന്നാല്‍ നിങ്ങള്‍ അവനെ അംഗീകരിക്കുന്നില്ല എങ്കില്‍, നിങ്ങള്‍ക്ക് അവന്റെ കൂട്ടായ്മയും, സഹവാസവും, ശുശ്രൂഷയും ആസ്വദിക്കുവാന്‍ കഴിയുകയില്ല.
2. അവനെ അനുസരിക്കുക.
അനുസരണക്കേടും പാപവും പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നു (എഫെസ്യര്‍ 4:30). നിങ്ങള്‍ പാപകരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ അഥവാ അവന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയോ ചെയ്യുമ്പോള്‍, നിങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയാണ് ചെയ്യുന്നത്.
3. അവനോടു ചോദ്യങ്ങള്‍ ചോദിക്കുക.
യിരെമ്യാവ് 33:3 പറയുന്നു, "എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളും; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും". നിങ്ങളെ സഹായിക്കുവാന്‍ അവന് അവിടെയുണ്ട്. നിങ്ങള്‍ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്, എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രാര്‍ത്ഥനയില്‍ നിന്നും വ്യത്യസ്തമാണ്. അന്വേഷണ പ്രാര്‍ത്ഥന എന്നാല്‍ അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ പരിശുദ്ധാത്മാവിനോട് ഇങ്ങനെ ചോദിക്കുന്നതാണ്, "പരിശുദ്ധാത്മാവേ ഞാന്‍ ഈ കാര്യത്തെക്കുറിച്ച് എന്താണ് ചെയ്യേണ്ടത്? ഈ വ്യക്തി ആരാണ്? ഞാന്‍ എവിടെ പോകണം?" നിങ്ങള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, നിങ്ങള്‍ അവനുമായി ആശയവിനിമയം നടത്തുകയാണ്, അവന് നിങ്ങളോടു പ്രതികരിക്കും കാരണം അവനു ഒരു ശബ്ദമുണ്ട് മാത്രമല്ല ഒരു വ്യക്തിയെപോലെ അവന് സംസാരിക്കുന്നു.
4. അവനില്‍ ആശ്രയിക്കുക.
നിങ്ങളുടെ ബുദ്ധിയെ, ഡോക്ടര്‍മാരോ അല്ലെങ്കില്‍ വിദഗ്ദരോ നിങ്ങളോടു പറയുന്നത്, അഥവാ നിങ്ങളുടെ ശാരീരിക കണ്ണുകള്‍ കൊണ്ട് നിങ്ങള്‍ കാണുന്നത്, സ്വാഭാവീക മണ്ഡലത്തിലെ യാഥാര്‍ഥ്യങ്ങള്‍ എന്നിവയില്‍ മാത്രം ആശ്രയിക്കരുത്. പരിശുദ്ധാത്മാവില്‍ ആശ്രയിക്കുക. യെശയ്യാവ് 42:16 പറയുന്നു, "ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും".
നിങ്ങള്‍ ഒരിക്കലും അന്ധരായിരിക്കുവാന് ഇടയാകാതെയിരിക്കേണ്ടതിനു, യെശയ്യാവ് 42:16 പൂര്‍ത്തിയാക്കുവാന്‍ നിങ്ങളെ സഹായിക്കേണ്ടതിനു വേണ്ടി പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്ക് നല്കിയിരിക്കുന്നു. നിങ്ങള്‍ അവനുമായി ആശയവിനിമയം നടത്തുമ്പോള്‍ അവന് കാര്യങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നു. നിങ്ങള്‍ അവനുമായി സംസാരിക്കുമ്പോള്‍, നിങ്ങള്‍ അറിയാത്തതായ പാതകളില്‍ കൂടി അവന് നിങ്ങളെ നയിക്കുന്നു. നിങ്ങള്‍ അവനുമായി സംസാരിക്കുന്നതുകൊണ്ട് അന്ധകാരം വെളിച്ചമായും, വളഞ്ഞ വഴികള്‍ ചൊവ്വുള്ളതായും മാറുന്നു. നിങ്ങളെ ഒരുനാളും കൈവിടുകയില്ല എന്നും ഉപേക്ഷിക്കുകയില്ല എന്നും ദൈവം വാഗ്ദത്തം നല്‍കിയിട്ടുണ്ട്, എന്നാല്‍ അവന് നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഓരോ വാഗ്ദത്തങ്ങളും ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ അവനോടു സംസാരിക്കുവാന്‍ തയ്യാറാകണം. പരിശുദ്ധാത്മാവ് ഇവിടെയുണ്ട്. നിങ്ങള്‍ അവനോടു സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ അവന്റെ സാന്നിധ്യത്തെ സംബന്ധിച്ച് ബോധമുള്ളവര്‍ ആയിരിക്കുക.
നിങ്ങള്‍ ഈ കാര്യങ്ങള്‍ എല്ലാംതന്നെ ചെയ്യുവാന്‍ ആരംഭിക്കുമ്പോള്‍, നിങ്ങള്‍ ക്രിസ്തുവിന്റെ പരിജ്ഞാനത്തില്‍ വളരും, മാത്രമല്ല നിങ്ങള്‍ പരിശുദ്ധാത്മാവിന്റെ വ്യക്തിത്വവും ശുശ്രൂഷയും ആസ്വദിക്കുകയും ചെയ്യും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. പിതാവേ, ഞാന്‍ അങ്ങയുടെ അടുക്കല്‍ വരികയും എന്റെ ആശ്രയമില്ലായ്മയെ കുറിച്ച് അനുതപിക്കയും ചെയ്യുന്നു. ഞാന്‍ എന്നെത്തന്നെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു, ദൈവമേ, എന്നിലുള്ള അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു.
2.കര്‍ത്താവേ, എല്ലാ ദിവസങ്ങളിലും ഏതു സമയത്തും അങ്ങയുടെ പരിശുദ്ധാത്മാവുമായി ആശയവിനിമയം നടത്തുവാനുള്ള കൃപ എനിക്ക് തരേണമേ, യേശുവിന്റെ നാമത്തില്‍.
3. പരിശുദ്ധാത്മാവേ, എന്റെ ജീവിതത്തില്‍, കുടുംബത്തില്‍, ബിസിനസ്സില്‍, ആരോഗ്യത്തില്‍, ജോലിയില്‍ എനിക്ക് അത് നഷ്ടമായിരിക്കുന്ന മേഖലകള്‍ എന്നെ കാണിക്കേണമേ, യേശുവിന്റെ നാമത്തില്‍.
4. പരിശുദ്ധാത്മാവേ, എന്നെ സഹായിക്കേണമേ. ഞാന്‍ ആവശ്യത്തിലായിരിക്കുന്നു. എനിക്ക് തന്നെ ഇത് ചെയ്യുവാന്‍ കഴിയുകയില്ല. എനിക്ക് അങ്ങയുടെ സഹായം ആവശ്യമാണ്, യേശുവിന്റെ നാമത്തില്‍.
5. പരിശുദ്ധാത്മാവേ, അങ്ങയെ ഞാന്‍ കേള്‍ക്കുവാന്‍ തുടങ്ങേണ്ടതിനു എന്റെ കാതുകളെ തുറക്കേണമേ, അങ്ങയെ കാണുവാന്‍ തുടങ്ങേണ്ടതിനു എന്റെ കണ്ണുകളെ തുറക്കേണമേ, ഞാന്‍ അങ്ങയെ അറിയുവാന്‍ തുടങ്ങേണ്ടതിനു എന്റെ ബുദ്ധിയെ തുറക്കേണമേ, യേശുവിന്റെ നാമത്തില്‍.
6. കുറച്ചു സമയങ്ങള്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക.
7. പരിശുദ്ധാത്മാവേ, എന്റെ ഹൃദയ ദൃഷ്ടിയെ പ്രകാശിപ്പിക്കേണമേ. വീണ്ടെടുപ്പിന്റെ മാഹാത്മ്യം ഞാന്‍ അറിയേണ്ടതിനു എന്നെ ശക്തീകരിക്കേണമേ, യേശുവിന്റെ നാമത്തില്‍.
8. പിതാവേ, എന്റെ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞാന്‍ സന്തോഷമായിരിക്കുവാനും, ആനന്ദത്താലും ഊര്‍ജ്ജസ്വലതയാലും നിറയേണ്ടതിനും എന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ ആത്മാവിനെ പകരുവാന്‍ ഞാന്‍ യേശുവിന്റെ നാമത്തില്‍ അപേക്ഷിക്കുന്നു.
9. എന്റെ ജീവിതത്തിലെ സ്തംഭനാവസ്ഥയുടേയും ആത്മീക വരള്‍ച്ചയുടേയും ആത്മാവിനെ ഞാന്‍ തകര്‍ക്കുന്നു, യേശുവിന്റെ നാമത്തില്‍.
10. പരിശുദ്ധാത്മാവിനോടു കൂടെ നടക്കുവാന്‍, പരിശുദ്ധാത്മാവിനോടുകൂടെ പ്രവര്‍ത്തിക്കുവാനും,എന്റെ ജീവിതത്തിലെ സമസ്ത മേഖലകളിലും യേശുവിന്റെ കര്‍ത്തൃത്വത്തിനു കീഴ്പ്പെട്ടിരിക്കുവാനുമുള്ള കൃപ ഞാന്‍ പ്രാപിക്കുന്നു, യേശുവിന്റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● നിങ്ങള്‍ കൊടുത്തുതീര്‍ക്കേണ്ടതായ വില● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 2
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 1
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #12
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 2
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
അഭിപ്രായങ്ങള്‍