അനുദിന മന്ന
സമാധാനം നമ്മുടെ അവകാശമാണ്
Sunday, 28th of January 2024
1
0
747
Categories :
സമാധാന (Peace)
യോഹന്നാന് 14:27 ലെ ഹൃദയസ്പര്ശിയായ വാക്കുകളില്, കര്ത്താവായ യേശു ആഴമേറിയ ഒരു സത്യത്തെ തന്റെ ശിഷ്യന്മാരിലേക്ക് പകരുന്നു, സമാധാനത്തിന്റെ ഒരു പൈതൃകം: "സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്". കര്ത്താവായ യേശു ഈ ഭൂമിയില് നിന്നും പോകുവാന് തയ്യാറെടുക്കുന്ന വേളയിലാണ് താന് ഈ പ്രഖ്യാപനം നടത്തിയത്, അത് സമാധാനത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അത്യന്താപേക്ഷിതമായ സത്യങ്ങള് ഉള്ക്കൊള്ളുന്നതാണ്.
1. ദൈവീക ദാനമായ സമാധാനം
എ] സമാധാനത്തിന്റെ പകര്ച്ച
മനസ്സിന്റെ അവസ്ഥയില് നിന്നും സ്വയം ഉളവാകുന്നതാണ് സമാധാനം എന്ന വിശ്വാസത്തിനു വിരുദ്ധമായി, ഇത് ദൈവത്തിന്റെ ദാനമാകുന്നു എന്ന് വേദപുസ്തകം ഊന്നിപറയുന്നു. യോഹന്നാന് 14:27ല്, യേശു നല്കുന്ന സമാധാനത്തേയും ലോകം നല്കുന്ന സമാധാനത്തേയും തമ്മില് താന് വേര്തിരിക്കുന്നു. ഇത് ഫിലിപ്പിയര് 4:7ല് പ്രതിധ്വനിക്കുന്നു, "എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും". ഈ സമാധാനം നമ്മുടെ മാനുഷീക പ്രയത്നത്തിന്റെ ഒരു ഉത്പന്നമല്ല മറിച്ച് ഇത് കര്ത്താവില് നിന്നുള്ള ദാനമാകുന്നു.
ബി] സമര്പ്പണത്തില് കൂടിയുള്ള സമാധാനം
ലൂക്കോസ് 10:38-42 വരെയുള്ള ഭാഗത്ത് പറഞ്ഞിരിക്കുന്ന മാര്ത്തയുടേയും മറിയയുടേയും കഥ മാനുഷീക പ്രയത്നവും ദൈവീക സമാധാനവും തമ്മിലുള്ള വൈരുദ്ധ്യത്തെ എടുത്തുകാണിക്കുന്നു. മാര്ത്ത പലവിധമായ സേവനങ്ങളുടെ തിരക്കിനാല് കുഴഞ്ഞപ്പോള്, മറിയ യേശുവിന്റെ പാദപീഠത്തില് ഇരിക്കുവാന് തീരുമാനിച്ചു, അത് സമര്പ്പണത്തേയും അംഗീകാരത്തേയും പ്രതിനിധാനം ചെയ്യുന്നതാണ്. ഈ പ്രവൃത്തി ശരിയായ സമാധാനത്തിലേക്കുള്ള പാതയെ സാദൃശ്യപ്പെടുത്തുന്നു - ഭയങ്കരമായ പ്രവൃത്തിയിലൂടെയല്ല പ്രത്യുത നിശ്ചലതയിലൂടെയും ദൈവത്തിന്റെ സാന്നിധ്യത്തിന്റെ മുമ്പാകെയുള്ള സമര്പ്പണത്തില് കൂടിയുമാകുന്നു.
2. ആത്മാവിന്റെ ഫലം
22ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, 23സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. (ഗലാത്യര് 5:22-23).
സമാധാനത്തെ ആത്മാവിന്റെ ഫലമായി ഈ തിരുവചനം ചിത്രീകരിക്കുന്നു, ആത്മാവിലുള്ള ഒരു ജീവിതം നാം വളര്ത്തിയെടുക്കുമ്പോള് നമ്മുടെ തന്നെ അകത്ത് വളരുന്നതായ ഒന്ന്. ഈ സമാധാനം ആത്മീക പക്വതയുടെ ഒരു അടയാളമാകുന്നു, ദൈവവുമായുള്ള ആഴമേറിയ ബന്ധത്തില് നിന്നും പുറപ്പെടുന്ന ശാന്തമായ ഒരു ഉറപ്പാണിത്.
3. സമാധാനത്തിന്റെ ഉപകരണങ്ങളായി മാറുക
എ] സമാധാനം പ്രചരിപ്പിക്കുക
ദൈവത്തിന്റെ സമാധാനം പ്രാപിച്ചവര് എന്ന നിലയില്, കലുഷിതമായ ഒരു ലോകത്തില് സമാധാനത്തിന്റെ സ്ഥാനപതികളായിരിക്കുവാന് വേണ്ടിയാണ് ക്രിസ്ത്യാനികളായ നാം വിളിക്കപ്പെട്ടിരിക്കുന്നത്. മത്തായി 5:9 പ്രസ്താവിക്കുന്നു, "സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും". ഈ സമാധാനം ഉണ്ടാക്കുക എന്നത് നിഷ്ക്രിയമായതല്ല മറിച്ച് നാം ദൈവത്തിങ്കല് നിന്നും പ്രാപിച്ചിരിക്കുന്ന ശാന്തതയെ സചീവമായി പ്രചരിപ്പിക്കുന്നതാണ്.
ബി]. പ്രക്ഷുബ്ധമായ സാഹചര്യത്തിലെ സമാധാനം.
ജീവിതത്തിലെ കൊടുങ്കാറ്റുകളുടെ നടുവില്, നമ്മില് അധിവസിക്കുന്ന ദൈവത്തിന്റെ സമാധാനം ഒരു നങ്കൂരമായി പ്രവര്ത്തിക്കുന്നു. സങ്കീര്ത്തനം 46:10 നമ്മെ ഇങ്ങനെ ഉപദേശിക്കുന്നു, "മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ", ശൂന്യതകളുടെ നടുവില് ദൈവത്തില് ആശ്രയിക്കുന്നവര്ക്ക് ഒരു ദൈവീകമായ വിശ്രാമം ലഭ്യമാണെന്ന് നമുക്കിവിടെ കാണുവാന് കഴിയും.
4. സമാധാനത്തെ ദിനംപ്രതി വളര്ത്തുക.
എ] ദിവസം ദൈവത്തോടുകൂടെ ആരംഭിക്കുക.
പ്രാര്ത്ഥനയിലൂടെയും വചനധ്യാനത്തിലൂടെയും ദൈവവുമായുള്ള കൂട്ടായ്മയില് ഓരോ ദിവസവും ആരംഭിക്കുന്നത് ഈ സമാധാനം വളര്ത്തുന്നതില് പ്രധാനപ്പെട്ട കാര്യമാകുന്നു. യെശയ്യാവ് 26:3 വാഗ്ദത്തം ചെയ്യുന്നത്, "സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു" എന്നാണ്. ദിനംതോറുമുള്ള ഈ പ്രവര്ത്തി കേവലം ഒരു ആചാരമല്ല മറിച്ച് നമ്മുടെ ഹൃദയത്തെ ദൈവത്തിന്റെ സാന്നിധ്യവുമായി യോജിപ്പിക്കുവാനുള്ള ഒരു മാര്ഗ്ഗമാകുന്നു.
ബി]. സമാധാനത്തില് പക്വത പ്രാപിക്കുക.
ദിനംതോറുമുള്ള ഈ ജീവിതത്തില് നാം തുടരുമ്പോള്, ദൈവത്തിന്റെ സമാധാനം നമ്മുടെ ഉള്ളില് ആഴമായും പക്വതയോടെയും വളരുന്നു. അപ്പോസ്തലനായ പൌലോസിന്റെ ജീവിതം ഇതിനൊരു സാക്ഷ്യമാകുന്നു, 2 കൊരിന്ത്യര് 12:9-10 വാക്യങ്ങളില്, ഉപദ്രവങ്ങളുടെയും കഷ്ടതകളുടേയും നടുവില് താന് സമാധാനം കാത്തുസൂക്ഷിച്ചിരുന്നു എന്ന് വിവരിച്ചിരിക്കുന്നു.
9അവൻ എന്നോട്: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിനു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. 10അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾതന്നെ ഞാൻ ശക്തനാകുന്നു.
യേശു വാഗ്ദാനം ചെയ്യുന്നതായ സമാധാനം, ലോകത്തിന്റെ ധാരണകളെ മറികടക്കുന്ന, അഗാധമായ ഒരു അവകാശമാകുന്നു. ഇത് സമര്പ്പണത്തില് കൂടി ലഭിച്ചതും, ദൈവവുമായുള്ള അനുദിന കൂട്ടായ്മയില് വളര്ന്നതും, സമാധാനം ഉണ്ടാക്കുന്നവര് എന്ന നിലയില് നമ്മുടെ ജീവിതത്തില് പ്രകടമായതുമായ ഒരു ദാനമാകുന്നു. അശാന്തിയുടെ ഒരു ലോകത്തില്, പ്രത്യാശയുടെ ഒരു ദീപശിഖയായും നമ്മിലുള്ള ക്രിസ്തുവിന്റെ ജീവനുള്ള സാന്നിധ്യത്തിന്റെ തെളിവായും ഈ ദൈവീകമായ സമാധാനം നിലകൊള്ളുന്നു.
പ്രാര്ത്ഥന
പിതാവേ, എനിക്കും അങ്ങേക്കും മദ്ധ്യത്തില് സമാധാനം ഉണ്ടാക്കിയ യേശുവിന്റെ രക്തത്തിനായി ഞാന് അങ്ങേക്ക് നന്ദി പറയുന്നു. യേശുക്രിസ്തു എന്നേക്കും എന്റെ കര്ത്താവും രക്ഷിതാവും ആകുന്നു.അങ്ങയുടെ സമാധാനം ഞാന് എന്റെ ജീവിതത്തില് സ്വീകരിക്കുന്നു.. (ഇപ്പോള് നിങ്ങള് കൈകള് ഉയര്ത്തി, കണ്ണുകള് അടച്ച് യേശു എന്ന് മൃദുവായും സാവധാനത്തിലും പറഞ്ഞുകൊണ്ടിരിക്കുക).
ദയവായി ദിനവും ഇത് ചെയ്യുവാന് പരിശ്രമിക്കുക. ദൈവത്തോടും മനുഷ്യരോടും കൂടെയുള്ള നിങ്ങളുടെ നടപ്പ് മാറും.
ദയവായി ദിനവും ഇത് ചെയ്യുവാന് പരിശ്രമിക്കുക. ദൈവത്തോടും മനുഷ്യരോടും കൂടെയുള്ള നിങ്ങളുടെ നടപ്പ് മാറും.
Join our WhatsApp Channel
Most Read
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #2● തിരസ്കരണം അതിജീവിക്കുക
● അനിശ്ചിതത്വത്തിന്റെ സമയങ്ങളില് ആരാധനയുടെ ശക്തി
● എന്താണ് ആത്മവഞ്ചന? - I
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
● പുളിപ്പില്ലാത്ത ഒരു ഹൃദയം
● ആരാധനയാകുന്ന സുഗന്ധം
അഭിപ്രായങ്ങള്