ക്രിസ്ത്യാനികളെന്ന നിലയില്‍, വിശുദ്ധിയുടെ ഒരു ജീവിതം നയിക്കുവാനും വിശ്വാസത്തില്‍ പരസ്പരം ഉത്സാഹിപ്പിക്കാനും വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, വേദപുസ്തകത്തിന്‍റെ നിലവാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള നമ്മുടെ തീക്ഷ്ണതയില്‍, വിവേചനത്തില്‍ നിന്നും ന്യായവിധിയിലേക്കുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഉപരിതലത്തില്‍ രണ്ടും സമാനമായി തോന്നുമെങ്കിലും, നമ്മുടെ വാക്കുകള്‍ കൊണ്ടും മനോഭാവം കൊണ്ടും പാപം ചെയ്യുന്നത് ഒഴിവാക്കുവാന്‍ വേണ്ടി നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്.
ആദ്യമായി നമ്മെത്തന്നെ പരിശോധിക്കുക
വിവേചനവും ന്യായവിധിയും തമ്മിലുള്ള പ്രധാനപ്പെട്ട ഒരു വ്യത്യാസം, മറ്റുള്ളവരുടെ പ്രവര്‍ത്തികളെ വിലയിരുത്തുന്നതിന് മുമ്പ് നമ്മെത്തന്നെ സമഗ്രമായി പരിശോധിക്കുന്നതില്‍ കൂടിയാണ് വിവേചനം ആരംഭിക്കുന്നത്. 1 കൊരിന്ത്യര്‍ 11:28,31 വാക്യങ്ങളില്‍ അപ്പോസ്തലനായ പൌലോസ് നമുക്ക് ഇങ്ങനെ നിര്‍ദ്ദേശം നല്‍കുന്നു, "'മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം. . . . നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല".
നേരെമറിച്ച്, വിധിക്കുന്നവര്‍ തങ്ങളുടെ സ്വന്തം ജീവിതത്തില്‍ ഇതുവരെ തരണം ചെയ്യാനാകാത്ത പ്രശ്നങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. റോമര്‍ 2:1 ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു, "അതുകൊണ്ട് വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതുതന്നെ പ്രവർത്തിക്കുന്നുവല്ലോ". നമ്മുടെ സഹോദരന്‍റെ കണ്ണിലെ കരടു നീക്കുവാന്‍ പരിശ്രമിക്കുന്നതിനു മുമ്പ് നമ്മുടെ തന്നെ കണ്ണുകളിലുള്ള കോലിനെ കൈകാര്യം ചെയ്യണം (മത്തായി 7:5).
നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനു മുമ്പ് വസ്തുതകള്‍ ശേഖരിക്കുക.
വിവേചനവും ന്യായവിധിയും തമ്മിലുള്ള മറ്റൊരു വ്യത്യാസം വിവരങ്ങള്‍ നാം എങ്ങനെ പുറപ്പെടുവിക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ്. ഒരു നിഗമനത്തില്‍ എത്തുന്നതിനു മുമ്പ് വിവരങ്ങള്‍ ശ്രദ്ധയോടെ കൃത്യമായി പരിശോധിക്കുന്നത് വിവേചനത്തില്‍ ഉള്‍പ്പെടുന്ന കാര്യമാകുന്നു. 1 തെസ്സലോനിക്യര്‍ 5:21 നമ്മെ പ്രബോധിപ്പിക്കുന്നു, "'സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ".
മറുവശത്ത്, ആദ്യത്തെ തോന്നലുകളുടെ, കേട്ടുകേള്‍വികളുടെ, പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിധി നിഗമനത്തിലേക്ക് എടുത്തുചാടുന്നു. സ്വന്തം പക്ഷപാതിത്വത്തിന്‍റെ സാധൂകരണം തേടികൊണ്ട്, തങ്ങള്‍ ഇതിനോടകംതന്നെ രൂപപ്പെടുത്തിയ അഭിപ്രായത്തെപിന്തുണയ്ക്കുന്നതിനുള്ള തെളിവുകള്‍ അന്വേഷിക്കുന്നവരാണ് വിധിക്കുന്നവര്‍. എന്നാല്‍ സദൃശ്യവാക്യങ്ങള്‍ 18:13 നല്‍കുന്ന മുന്നറിയിപ്പ് നോക്കുക, "കേൾക്കുംമുമ്പേ ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു". ഏതെങ്കിലും തരത്തിലുള്ള വിധി പ്രഖ്യാപിക്കുന്നതിനു മുമ്പായി നാം വസ്തുതകള്‍ ശേഖരിക്കയും ആളുകളെ കേള്‍ക്കുവാന്‍ തയ്യാറാകുകയും വേണം.
സാധ്യമാകുമ്പോള്‍ ഒക്കേയും പ്രശ്നങ്ങള്‍ സ്വകാര്യമായി കൈകാര്യം ചെയ്യുക.
മൂന്നാമത്തെ ഒരു വ്യത്യാസം എന്തെന്നാല്‍, വിവേചനം സാധ്യമാകുന്നിടത്തോളം പ്രശ്നങ്ങളെ രഹസ്യമായി അഭിസംബോധന ചെയ്യുവാന്‍ ശ്രമിക്കുന്നു, എന്നാല്‍ ന്യായവിധി പരസ്യമായി വിഷയങ്ങളെ തുറന്നുക്കാട്ടുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. മത്തായി 18:15ല്‍ കര്‍ത്താവായ യേശു തന്നെ ഈ തത്വം സാധൂകരിച്ചു, അവിടെ പറയുന്നു, "നിന്‍റെ സഹോദരൻ നിന്നോടു പിഴച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവനു ബോധം വരുത്തുക; അവൻ നിന്‍റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി".
ഇടറിപോകുന്ന സഹോദരന്മാരേയോ സഹോദരിമാരേയോ തിരികെ കൊണ്ടുവരുവാനാണ് വിവേചനം ലക്ഷ്യമിടുന്നത്, അല്ലാതെ അവരെ പരസ്യമായി ലജ്ജിപ്പിക്കാനല്ല. ഗലാത്യര്‍ 6:1 ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു, "'സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക". നാം പ്രതീക്ഷിക്കുന്ന അതേ കൃപ നാം നല്‍കുവാനും തയ്യാറായിരിക്കണം.
നമ്മുടെ സ്വന്തം ഉത്തരവാദിത്വം തിരിച്ചറിയുക.
ആത്യന്തീകമായി, വിധിക്കുക എന്നത് നമ്മുടെ ജോലിയല്ല മറിച്ച് അത് ദൈവം ചെയ്യേണ്ട കാര്യമാണെന്ന് നാം തിരിച്ചറിയണം. റോമര്‍ 14:10-12 വരെയുള്ള വേദഭാഗം പറയുന്നു, "എന്നാൽ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിനു മുമ്പാകെ നില്ക്കേണ്ടിവരും. “എന്നാണ എന്‍റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും".
ആ ദിവസത്തില്‍, നാം മറുപടി പറയേണ്ടത് നമ്മുടെ സ്വന്തം ജീവിതത്തിനാണ്, അല്ലാതെ മറ്റുള്ളവര്‍ നമ്മെ വിമര്‍ശിച്ചതിനല്ല. നാം തീര്‍ച്ചയായും വിവേചനം പരിശീലിക്കയും, തെറ്റിലുള്ളവരെ സൌമ്യമായി തിരുത്തുകയും ചെയ്യുമ്പോള്‍, അത് നാം താഴ്മയോടും, കരുതലോടും നമ്മുടെ സ്വന്തം ബലഹീനതയേയും ദുര്‍ബലതയേയും കുറിച്ചുള്ള അവബോധത്തോടെയും കൂടെ ചെയ്യണം. ആത്മപരിശോധന, വസ്തുതാപരമായ ധാരണ, പുനഃസ്ഥാപിക്കാനുള്ള ആഗ്രഹം എന്നിവയില്‍ നിന്നും ജന്മമെടുത്ത വിവേചനത്തില്‍ പ്രവര്‍ത്തിക്കാന്‍ നമ്മുടെ ഹൃദയങ്ങളില്‍ നമുക്ക് ലക്ഷ്യമിടാം - അത് കപടഭക്തി, അനുമാനങ്ങള്‍, പരസ്യമായ അപമാനം എന്നിവയാല്‍ ഉളവാകുന്ന ന്യായവിധിയില്‍ ആയിരിക്കരുത്. കാരണം ഒരു പഴമൊഴി ഇങ്ങനെയുണ്ട്, "വസ്തുതകള്‍ നിങ്ങളുടെ സുഹൃത്തുക്കളാണ്, മറിച്ച് അനുമാനങ്ങള്‍ നിങ്ങളുടെ ശത്രുക്കളാകുന്നു".
പ്രാര്‍ത്ഥന
സ്നേഹമുള്ള സ്വര്‍ഗ്ഗീയ പിതാവേ, മറ്റുള്ളവരെ വിലയിരുത്തുന്നതിനു മുമ്പ് എന്‍റെ സ്വന്ത ഹൃദയത്തെ പരിശോധിച്ചുകൊണ്ട്, ജ്ഞാനത്തോടും കൃപയോടും കൂടെ വിവേചിക്കുവാന്‍ എന്നെ സഹായിക്കേണമേ. വിധി അങ്ങേയ്ക്ക് മാത്രമുള്ളതാകുന്നു എന്ന് ഞാന്‍ എല്ലായിപ്പോഴും ഓര്‍മ്മിക്കട്ടെ. ഞാന്‍ അങ്ങയെ എപ്പോഴും ബഹുമാനിക്കേണ്ടതിനു എന്‍റെ ചിന്തകളേയും, വാക്കുകളേയും, പ്രവര്‍ത്തികളെയും ശുദ്ധീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● കര്‍ത്താവായ യേശു: സമാധാനത്തിന്റെ ഉറവിടം● ക്രിസ്തുവിലുള്ള നിങ്ങളുടെ ദൈവീകമായ നിയോഗത്തിലേക്ക് പ്രവേശിക്കുക
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 6
● ദിവസം 13 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവം വ്യത്യസ്തമായാണ് കാണുന്നത്
● ദൈവീക സ്വഭാവമുള്ള വിശ്വാസം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #3
അഭിപ്രായങ്ങള്‍