അനുദിന മന്ന
ക്രിസ്തുവിലൂടെ ജയം നേടുക
Tuesday, 14th of May 2024
1
0
317
Categories :
വിശ്വാസം (Faith)
വെളിപ്പാട് പുസ്തകത്തിലുടനീളം, ജയിക്കുന്നവര്‍ക്ക് നല്‍കുന്നതായ പ്രതിഫലത്തെ സംബന്ധിച്ചും അനുഗ്രഹങ്ങളെ കുറിച്ചും കര്‍ത്താവായ യേശു ആവര്‍ത്തിച്ചു സംസാരിക്കുന്നുണ്ട്. ജയിക്കുന്ന ഒരുവന്‍ എന്നാല്‍ തികഞ്ഞവന്‍ ആയിരിക്കുക എന്നതല്ല, മറിച്ച് വിശ്വാസത്തില്‍ സ്ഥിരോത്സാഹത്തോടെ നിലകൊള്ളുകയും ക്രിസ്തുവിന്‍റെ വിജയം നമ്മുടെ ജീവിതത്തില്‍ പ്രകടമാകുവാന്‍ അനുവദിക്കുകയും ചെയ്യുക എന്നതാണ്. ക്രിസ്തുവില്‍ കൂടി ജയിക്കുന്നവന്‍ എന്നതിന്‍റെ അര്‍ത്ഥം എന്താണെന്ന് നമുക്ക് വിചിന്തനം ചെയ്യാം.
യോഹന്നാന്‍ 16:33 ല്‍, കര്‍ത്താവായ യേശു ഇപ്രകാരം പ്രഖ്യാപിക്കുന്നു, "ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു". വെല്ലുവിളികളും പരിശോധനകളും നമ്മുടെ ജീവിതത്തിലെ അനിവാര്യമായ ഘടകങ്ങളാകുന്നു എന്ന് ഈ വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എന്നിരുന്നാലും, നമുക്കുവേണ്ടി യേശു വിജയം മുന്നമേ തന്നെ നേടിയിരിക്കുന്നു. ക്രിസ്തുവിന്‍റെ മരണ, പുനരുത്ഥാനത്തിലൂടെ, അവന്‍ പാപത്തിന്മേലും, മരണത്തിന്മേലും, അന്ധകാര ശക്തിയിന്മേലും ജയം പ്രാപിച്ചിരിക്കുന്നു.
ജയിക്കുന്ന ഒരുവന്‍ എന്നാല്‍ അര്‍ത്ഥമാക്കുന്നത് നമ്മുടെ വിശ്വാസം ക്രിസ്തുവില്‍ അര്‍പ്പിക്കുകയും, നമ്മുടെ ബലത്തില്‍ ആശ്രയിക്കാതെ അവന്‍റെ ശക്തിയില്‍ ആശ്രയിക്കുക എന്നാകുന്നു. ദൈവം നമ്മോടുകൂടെ ഉണ്ടെന്നും അവന്‍ ഒരിക്കലും നമ്മെ കൈവിടുകയില്ല എന്ന് അറിഞ്ഞുകൊണ്ടും പ്രയാസകരമായ സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കുക എന്നാണ് ഇതിനര്‍ത്ഥം (ആവര്‍ത്തനപുസ്തകം 31:8). സാഹചര്യങ്ങള്‍ നമുക്ക് വിപരീതമായി തോന്നുമ്പോഴും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ മുറുകെപ്പിടിക്കുക എന്നും ഇത് അര്‍ത്ഥമാക്കുന്നു. വെളിപ്പാട് 12:11ല്‍ നാം ഇങ്ങനെ കാണുന്നു, "കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും അവര്‍ ശത്രുവിനെ ജയിച്ചു", അവരാണ് ജയിക്കുന്നവര്‍.
ജയിക്കുന്നവര്‍ എന്ന നിലയില്‍, ക്രിസ്തു നമുക്കുവേണ്ടി നല്‍കിയിരിക്കുന്ന സകല ആത്മീക അനുഗ്രഹങ്ങളിലേക്കും വിഭവശേഷിയിലേക്കും നമുക്ക് പ്രവേശനമുണ്ട്. ദൈവം ഒരു നീക്കുപോക്ക് ഒരുക്കും എന്ന ഉറപ്പോടെ നമുക്ക് പരീക്ഷകളെ അഭിമുഖീകരിക്കാം (1 കൊരിന്ത്യര്‍ 10:13). കഷ്ടത സിദ്ധതയേയും, പ്രത്യാശയേയും ഉളവാക്കുന്നു എന്നറിഞ്ഞുകൊണ്ട് നമുക്ക് കഷ്ടത സഹിക്കാം (റോമര്‍ 5:3-4). ജയകരമായ ജീവിതം നയിക്കുവാന്‍ നമ്മെ ശക്തീകരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ നമുക്ക് നടക്കാം (ഗലാത്യര്‍ 5:16).
ഇന്ന് നിങ്ങള്‍ ഒരു വെല്ലുവിളിയോ പരീക്ഷയോ നേരിടുന്നുണ്ടോ? ക്രിസ്തുവിലൂടെ നിങ്ങള്‍ ഒരുജയാളിയാകുന്നു എന്ന കാര്യം ഓര്‍ക്കുക. ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി നേടിത്തന്നതായ വിജയത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഒരു നിമിഷം എടുക്കുക.നിങ്ങളുടെ സാഹചര്യത്തിന്മേല്‍ ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ അവകാശപ്പെടുകയും അവന്‍റെ വിശ്വസ്തതയില്‍ ആശ്രയിക്കുകയും ചെയ്യുക.
നിങ്ങളെ നയിക്കുവാനും ശക്തീകരിക്കുവാനും പരിശുദ്ധാത്മാവിനെ അനുവദിച്ചുകൊണ്ട്, അവന്‍റെ ശക്തിയില്‍ നിങ്ങള്‍ ചായുക. നിങ്ങളുടെ വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിങ്കല്‍ നിങ്ങളുടെ കണ്ണുകളെ ഉറപ്പിക്കുക (എബ്രായര്‍ 12:2).
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, യേശുക്രിസ്തുവിലൂടെ എനിക്ക് സ്വന്തമായിരിക്കുന്ന ജയത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസത്തില്‍ സ്ഥിരോത്സാഹത്തോടെയും അങ്ങയുടെ ബലത്തില്‍ ആശ്രയിച്ചുകൊണ്ടും, ഒരു ജയാളിയായി ജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ സാന്നിധ്യത്തിന്‍റെയും ശക്തിയുടേയും ഉറപ്പോടുകൂടി ഓരോ വെല്ലുവിളിയേയും നേരിടുവാനുള്ള ധൈര്യം എനിക്ക് തരേണമേ. എന്‍റെ ജീവിതം അങ്ങയുടെ സ്നേഹത്തിന്‍റെയും കൃപയുടെയും മഹത്വത്തെ സാക്ഷീകരിക്കുന്നതായിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ആവരണം നീക്കാത്ത കഴിവുകള്: ഉപയോഗിക്കാത്ത ദാനങ്ങളുടെ ആപത്ത്● തളിര്ത്ത വടി
● ആത്മീക അഹങ്കാരത്തിന്റെ കെണി
● നിങ്ങളുടെ യഥാര്ത്ഥമായ വൈശിഷ്ട്യത്തെ കണ്ടെത്തുക
● ജയാളിയെക്കാള് ജയാളി
● പര്വ്വതങ്ങളെ ചലിപ്പിക്കുന്ന കാറ്റ്
● ഒരിക്കലും സാഹചര്യങ്ങളുടെ കരുണയില് അല്ല നില്ക്കുന്നത്
അഭിപ്രായങ്ങള്‍