ഒഴിവുകഴിവുകള്‍ പറയുക എന്ന കലയില്‍ നമ്മള്‍ സമര്‍ത്ഥരാണ്, അങ്ങനെയല്ലേ? ഉത്തരവാദിത്വങ്ങളില്‍ നിന്നോ വെല്ലുവിളികള്‍ നിറഞ്ഞ ജോലികളില്‍ നിന്നോ മാറിനില്‍ക്കാന്‍ വേണ്ടി കാര്യമായതെന്നു തോന്നുന്ന കാരണങ്ങള്‍ കൊണ്ടുവന്നു അതില്‍ നിന്നും ഒഴിഞ്ഞിരിക്കുക എന്നുള്ളത് മനുഷ്യരുടെ സാധാരണമായ ഒരു പ്രവണതയാകുന്നു. അത് ഒരു പ്രോജെക്റ്റ് വൈകിപ്പിക്കയോ, നീട്ടിവെക്കുകയോ ആകാം, ബുദ്ധിമുട്ടുള്ള ഒരു ആശയവിനിമയം ഒഴിവാക്കുന്നതാകാം, അഥവാ ആത്മീക ശിക്ഷണങ്ങളെ അവഗണിക്കുന്നതാകാം, എന്തായാലും ഒഴിവുകഴിവുകള്‍ നമ്മുടെ ഇടവിടാതെയുള്ള ശീലമാണ്.
"എനിക്ക് സമയമില്ല", "ഞാന്‍ വളരെ ക്ഷീണിതനാണ്", "അത് വളരെ പ്രയാസമുള്ളതാണ്", അല്ലെങ്കില്‍ "അത് ഞാന്‍ നാളെ ചെയ്തുകൊള്ളാം" ഇതൊക്കെ സാധാരണമായ ഒഴിവുകഴിവുകളില്‍ ഉള്‍പ്പെടുന്നവയാകുന്നു. ഈ ഒഴിവുകഴിവുകള്‍ താല്ക്കാലീകമായ ആശ്വാസം നല്കുമായിരിക്കാം, എന്നാല്‍ നമ്മുടെ പൂര്‍ണ്ണ ശേഷിയില്‍ നാം എത്തുന്നതില്‍ നിന്നും അത് പലപ്പോഴും നമ്മെ അകറ്റിനിര്‍ത്തുന്നു. നാം ഒഴിവുകഴിവുകള്‍ പറയുന്നതിന്‍റെ ദീര്‍ഘകാല പരിണിതഫലങ്ങളെ തിരിച്ചറിയാതെ അസ്വസ്ഥതകള്‍, പരാജയങ്ങള്‍, അല്ലെങ്കില്‍ അജ്ഞത എന്നിവയില്‍ നിന്നും നമ്മെ സ്വയം സംരക്ഷിക്കുവാന്‍ വേണ്ടി ഈ ഒഴിവുകഴിവുകളെ നാം ഉപയോഗിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഒഴിവുകഴിവുകള്‍ എന്ന ഭോഷത്തം: പ്രവാചകനായ യിരെമ്യാവില്‍ നിന്നുമുള്ള പാഠങ്ങള്‍.
ഇങ്ങനെ പറയപ്പെടുന്നുണ്ട്, "അയോഗ്യരായവരുടെ ഉപകരണങ്ങളാണ് ഒഴിവുകഴിവുകള്‍, അതില്‍ വൈദഗ്ധ്യം നേടുന്നവര്‍ അപൂര്‍വ്വമായി മാത്രമേ ഒഴിഞ്ഞുപോകുകയുള്ളൂ". ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി, "ഒഴിവുകഴിവുകള്‍ പറയുന്നതില്‍ സാമര്‍ത്ഥ്യമുള്ള ഒരുവന്‍ മറ്റെന്തിനെങ്കിലും കൊള്ളാകുന്നവനായിരിക്കില്ല". ഈ ജ്ഞാനം യിരെമ്യാവിന്‍റെ ചരിത്രവുമായി യോജിക്കുന്നതാണ്. രാജ്യങ്ങള്‍ക്ക് പ്രവാചകനായിരിപ്പാന്‍ ദൈവം യിരെമ്യാവിനെ വിളിച്ചപ്പോള്‍, ഒഴിവുകഴിവുകള്‍ പറയുവാന്‍ അവന്‍ വേഗതയുള്ളവന്‍ ആയിരുന്നു.
യിരെമ്യാവ് 1:4-6 വരെയുള്ള ഭാഗത്ത് നാം ഇങ്ങനെ വായിക്കുന്നു:
"യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനുമുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു".
പ്രവാചകനായ യിരെമ്യാവിന്‍റെ ഒന്നാമത്തെ ഒഴിവുകഴിവ് അവന്‍റെ പ്രായമായിരുന്നു. അത്തരം ബൃഹത്തായ ഒരു ദൌത്യം ഏറ്റെടുക്കാന്‍ താന്‍ വളരെ പ്രായം കുരഞ്ഞവനാണെന്ന് അവനു തോന്നി. എന്നാല്‍ ദൈവം ഈ ഒഴിവുകഴിവ് അംഗീകരിച്ചില്ല. പകരമായി ദൈവം യിരെമ്യാവിനു വീണ്ടും ഇങ്ങനെ ഉറപ്പുനല്‍കി:
അതിനു യഹോവ എന്നോട് അരുളിച്ചെയ്തത്: ഞാൻ ബാലൻ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിനു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്. (യിരെമ്യാവ് 1:7-8).
യിരെമ്യാ പ്രവാചകന്‍റെ ഒഴിവുകഴിവുകളോടുള്ള ദൈവത്തിന്‍റെ പ്രതികരണം ഒരു സുപ്രധാനമായ സത്യത്തെ ഉയര്‍ത്തിക്കാട്ടുന്നു: എന്തെങ്കിലും ഒരു കാര്യം ചെയ്യുവാന്‍ വേണ്ടി ദൈവം നമ്മെ വിളിക്കുമ്പോള്‍, നമ്മുടെ പരിമിതികള്‍ക്ക് അപ്പുറമായി ആ ദൌത്യത്തിനായി ദൈവം നമ്മെ ഒരുക്കിയെടുക്കുന്നു. ഒഴിവുകഴിവുകള്‍ പലപ്പോഴും ഭയത്തിലും അരക്ഷിതാവസ്ഥയിലും വേരൂന്നിയതാണെന്നും, എന്നാല്‍ ദൈവത്തിന്‍റെ വിളി അവന്‍റെ സാന്നിധ്യത്തിന്‍റെയും ശക്തിയുടേയും ഉറപ്പോടെ വരുന്നുയെന്നും യിരെമ്യാവിന്‍റെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഒഴിവുകഴിവുകള്‍ ഇന്നിനെ എളുപ്പമാക്കുന്നു എന്നാല്‍ നാളെ കഠിനമായിരിക്കും.
ഒഴിവുകഴിവുകള്‍ ഇന്നത്തെ ദിവസത്തെ എളുപ്പമുള്ളതാക്കികൊണ്ട് താല്‍ക്കാലികമായ ആശ്വാസം നല്കുമായിരിക്കാം, എന്നാല്‍ അവ പലപ്പോഴും നാളയെ കൂടുതല്‍ ദുഷ്കരമാക്കുന്നു. ബുദ്ധിമുട്ടുള്ള ദൌത്യങ്ങള്‍ ഇന്ന് നാം ഒഴിവാക്കുമ്പോള്‍, ഭാവിയിലേക്ക് കൂടുതല്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും സൃഷ്ടിച്ചുകൊണ്ട് അവ കൂമ്പാരം കൂടുക മാത്രമാണ് ചെയ്യുന്നത്. ഈ തത്വം സദൃശ്യവാക്യങ്ങള്‍ 6:9-11 വാക്യങ്ങളില്‍ പ്രതിധ്വനിക്കുന്നുണ്ട്:
"മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കും?
കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക.
അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും".
കാര്യങ്ങള്‍ നീട്ടിവെക്കുകയും വൈകിപ്പിക്കയും ചെയ്യുകയും ഒഴിവുകഴിവുകള്‍ പറയുകയും ചെയ്യുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് ഈ വേദഭാഗം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. "കുറെക്കൂടെ ഉറക്കം"; "കുറെക്കൂടെ നിദ്ര" എന്നത് ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കുവാന്‍ നാം പറയുന്ന നിരുപദ്രവമെന്ന് തോന്നുന്നതായ ചെറിയ ഒഴിവുകഴിവുകളെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കാലക്രമേണ, ഈ ചെറിയ ഒഴിവുകഴിവുകള്‍, ദാരിദ്ര്യം വഴിപോക്കനെപ്പോലെ ഒളിഞ്ഞിരിക്കുന്നതുപോലെ, കാര്യമായ പരിണിതഫലങ്ങളിലേക്ക് നയിച്ചേക്കാം.
ശിക്ഷണം ഇന്ന് കഠിനമെന്ന് തോന്നാം എന്നാല്‍ നാളെ അത് എളുപ്പമുള്ളതായിരിക്കും
മറുഭാഗത്ത്, ശിക്ഷണം ഇന്ന് ദുഷ്കരമായിരിക്കും എന്നാല്‍ നാളെ അത് എളുപ്പമുള്ളതായിരിക്കും. അച്ചടക്കത്തിനു പരിശ്രമം, സ്വയനിയന്ത്രണം, ചിലപ്പോള്‍ അസ്വസ്ഥത എന്നിവ ആവശ്യമായി വന്നേക്കാം. എന്നാല്‍ ശിക്ഷണത്തിന്‍റെ പ്രതിഫലം ദൂരവ്യാപകവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. അച്ചടക്കത്തിന്‍റെ പ്രാധാന്യത്തെ പറ്റി വേദപുസ്തകത്തില്‍ പല വാക്യങ്ങളിലായി ഊന്നല്‍ നല്‍കികൊണ്ട് പറയുന്നുണ്ട്. അങ്ങനെയുള്ള വാക്യങ്ങളിലൊന്ന് എബ്രായര്‍ 12:11 ആകുന്നു:
"ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക".
ഒഴിവുകഴിവുകളും ശിക്ഷണവും: നാം തിരഞ്ഞെടുക്കേണ്ട ഒരു തീരുമാനം
ഓരോ ദിവസവും നാം തിരഞ്ഞെടുക്കേണ്ട ഒന്ന് നാം അഭിമുഖീകരിക്കുന്നുണ്ട്: ഒഴിവുകഴിവുകള്‍ പറയുക അല്ലെങ്കില്‍ ശിക്ഷണം ശീലിക്കുക. ഈ തീരുമാനം നമ്മുടെ ജീവിതത്തിന്‍റെ ഗതിയെ നിര്‍ണ്ണയിക്കും. ഒഴിവുകഴിവുകള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും പെട്ടെന്നുള്ള രക്ഷപ്പെടല്‍ വാഗ്ദത്തം ചെയ്യുമായിരിക്കും, എന്നാല്‍ അവ നമ്മെ മിതത്വത്തിന്‍റെയും പൂര്‍ത്തീകരിക്കപ്പെടാത്ത സാധ്യതകളുടേയും ഒരു വലയത്തില്‍ കുടുക്കുന്നു.നേരെമറിച്ച്, അച്ചടക്കത്തിനു പരിശ്രമവും ത്യാഗവും ആവശ്യമാകുന്നു, എന്നാല്‍ അത് വിജയത്തിലേക്കും, ആത്മീക വളര്‍ച്ചയിലേക്കും, നമ്മുടെ ജീവിതത്തിലെ ദൈവീക ഉദ്ദേശ്യങ്ങളുടെ പൂര്‍ത്തീകരണത്തിലേക്കും നയിക്കുന്നു.
വിശ്വാസികള്‍ എന്ന നിലയില്‍, നാമിത് ഓര്‍ക്കണം, ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്. (2 തിമൊഥെയൊസ് 1:7). ഏതൊരു വെല്ലുവിളിയും അതിജീവിക്കുവാനുള്ള കഴിവും ശക്തിയും ക്രിസ്തുവിലൂടെ നമുക്കുണ്ട്. ഫിലിപ്പിയര്‍ 4:13 ല്‍ നിന്നും നമുക്ക് പ്രചോദനം കൈക്കൊള്ളാം, അവിടെ പറയുന്നു, "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു". ദൈവത്തിന്‍റെ ശക്തിയില്‍ നാം ആശ്രയിക്കുമ്പോള്‍ ഒരു ഒഴിവുകഴിവും സാധുവല്ലെന്നു ഈ വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുമ്പോള്‍, ദൈവത്തിന്‍റെ കൃപ നിങ്ങള്‍ക്ക് മതിയായതാണെന്ന് ഓര്‍ക്കുക. എന്‍റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. (2 കൊരിന്ത്യർ 12:9). അതുകൊണ്ട്, ഒഴിവുകഴിവുകള്‍ ഉപേക്ഷിക്കുക, ശിക്ഷണത്തെ സ്വീകരിക്കുക,നിങ്ങള്‍ ജീവിക്കേണ്ടതിനു ദൈവം വിളിച്ചതായ ജീവിതത്തിലേക്ക് ധൈര്യത്തോടെ കാലെടുത്തുവെക്കുക.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഒഴിവുകഴിവുകളെ അതിജീവിക്കാനും ശിക്ഷണത്തെ ആശ്ലേഷിക്കാനുമുള്ള ബലം എനിക്ക് തരേണമേ. അങ്ങയുടെ കൃപയില്‍ ദിനംപ്രതി ആശ്രയിച്ചുകൊണ്ട്, എന്‍റെ ജീവിതത്തിനായുള്ള അങ്ങയുടെ ഉദ്ദേശ്യം നിറവേറ്റുവാന്‍ അങ്ങയുടെ ജ്ഞാനത്താലും ധൈര്യത്താലും എന്നെ നിറയ്ക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്‍റെ പ്രാധാന്യത● കര്‍ത്താവിനെ സേവിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണ് - 1
● ഉദാരമനസ്കതയെന്ന കെണി
● നമ്മുടെ ഹൃദയത്തിന്റെ ഒരു പ്രതിഫലനം
● ദിവസം 27: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തിന്‍റെ ശക്തിയുള്ള കരത്താല് മുറുകെപിടിക്കപ്പെടുക
● യുദ്ധത്തിനായുള്ള പരിശീലനം
അഭിപ്രായങ്ങള്‍