അനുദിന മന്ന
കര്‍ത്താവായ യേശു: സമാധാനത്തിന്‍റെ ഉറവിടം
Friday, 18th of October 2024
1
0
270
Categories :
മാനസികാരോഗ്യം (Mental Health)
"സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്‍റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്". (യോഹന്നാൻ 14:27) .
ജീവിതത്തിന്‍റെ വെല്ലുവിളികളുടെയും, കുഴപ്പങ്ങളുടെയും നടുവില്‍, സമാധാനത്തിനായുള്ള അന്വേഷണം പലപ്പോഴും ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രയായി തോന്നാറുണ്ട്. അത് പല സ്ഥലങ്ങളില്‍ കണ്ടെത്തുവാനായി നാം പരിശ്രമിക്കുന്നു - അവധിക്കാലങ്ങള്‍, വിജയങ്ങള്‍, ബന്ധങ്ങള്‍, സാമ്പത്തീക ഭദ്രതകള്‍ തുടങ്ങിയവ - ഈ ബാഹ്യ സ്രോതസ്സുകള്‍ക്ക് ഒരിക്കലും നമ്മുടെ ഹൃദയത്തിലെ ആഗ്രഹത്തെ ശരിക്കും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് മാത്രം നാം അതിലൂടെ മനസ്സിലാക്കുന്നു. എന്നാല്‍ സമാധാനം ഒരു ലക്ഷ്യസ്ഥാനമോ, ഒരു നേട്ടമോ, അല്ലെങ്കില്‍ നമുക്ക് വിലയ്ക്ക് വാങ്ങുവാന്‍ കഴിയുന്നതോ ആയ ഒന്നല്ല. യഥാര്‍ത്ഥ സമാധാനം ഒരു വ്യക്തിയിലാണ് കണ്ടെത്തുവാന്‍ സാധിക്കുന്നത്: കര്‍ത്താവായ യേശുക്രിസ്തു.
കര്‍ത്താവായ യേശു വാഗ്ദാനം ചെയ്യുന്ന സമാധാനം ലോകത്തിനു നല്‍കുവാന്‍ കഴിയുന്ന എന്തില്‍നിന്നും വ്യത്യസ്തമായതാണ്. അവന്‍റെ സമാധാനം താല്‍ക്കാലികമല്ല, അത് നമുക്ക് ചുറ്റും എന്ത് നടക്കുന്നു എന്നതിനെ ആശ്രയിച്ചുള്ളതുമല്ല. അത് നമ്മോടുകൂടെ നിലനില്‍ക്കുന്ന സമാധാനമാണ്, ഏറ്റവും കഠിനമായ കൊടുങ്കാറ്റുകളുടെ നടുവില്‍ പോലും അത് നിലനില്‍ക്കും, കാരണം അത് ദൈവത്തിന്‍റെ നിത്യമായ സാന്നിധ്യത്തിലും സ്നേഹത്തിലുമാണ് അത് വേരൂന്നിയിരിക്കുന്നത്.
എന്‍റെ ഒരു യോഗത്തിനു ശേഷം, ഒരു വ്യക്തി എന്‍റെ അടുക്കലേക്ക് നടന്നുവന്നിട്ട് ഇങ്ങനെ പറഞ്ഞു, ഞാന്‍ ജോലിയില്‍ നിന്നും മറ്റു ഉത്തരവാദിത്തങ്ങളില്‍ നിന്നും രാജിവെച്ച് സമാധാനത്തിനായി ഒരു മാസത്തേക്ക് മലമുകളിലേക്ക് പോകുകയാണ്. നമ്മില്‍ പലരെയും ഇതുമായി ബന്ധപ്പെടുത്താം - ഒരു ദൃശ്യത്തിന്‍റെ മാറ്റത്തില്‍ നിന്നും, ഒരു പുതിയ അനുഭവത്തില്‍ നിന്നും, അല്ലെങ്കില്‍ ബാഹ്യമായ ചില സംഭവങ്ങളില്‍ നിന്നുമാണ് സമാധാനം വരുന്നതെന്ന് പലരും വിശ്വസിക്കുന്നു. അതായത് വിശ്രമത്തിനുള്ള ഒരു അവധിക്കാലമായാലും, ഒരു നല്ല ജോലിയായാലും, അഥവാ ഒരു പുതിയ ബന്ധമായാലും, നാം പലപ്പോഴും ചിന്തിക്കുന്നു, "എനിക്ക് അത് ലഭിക്കാനോ അല്ലെങ്കില്‍ ആ സ്ഥലത്ത് എത്തുവാനോ സാധിച്ചാല്‍, ഒടുവില്‍ എനിക്ക് സമാധാനമുണ്ടാകും". എന്നാല്‍ ഇതെല്ലാം താല്ക്കാലീകമായ ആശ്വാസം മാത്രമാണ് പ്രദാനം ചെയ്യുന്നതെന്ന് നാം വീണ്ടും വീണ്ടും കണ്ടെത്തുന്നു.
സമാധാനത്തെ ഒരു സ്ഥലവുമായോ അല്ലെങ്കില്‍ ഭൌതീകമായ നേട്ടവുമായോ ബന്ധിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. യോഹന്നാന്‍ 14:27 ല്‍, കര്‍ത്താവായ യേശു പറയുന്നു, "സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്‍റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു". ഇത് നമുക്കുത്തന്നെ കണ്ടെത്തുവാനോ അല്ലെങ്കില്‍ നേടുവാനോ കഴിയുന്നതായ സമാധാനമല്ല. ഇത് യേശുവില്‍ നിന്നുള്ള ദാനമാകുന്നു, അവനില്‍ ആശ്രയിക്കുന്നവര്‍ക്കെല്ലാം യേശു മനസ്സോടെ കൊടുക്കുന്നതാണിത്. അവന്‍റെ സമാധാനം അതുല്യമായതാണ് കാരണം അത് ബാഹ്യമായ സാഹചര്യങ്ങളില്‍ നിന്നും വരുന്നതല്ല. പകരം, അത് നമുക്ക് അവനുമായുള്ള ആഴമേറിയ ബന്ധത്തില്‍ നിന്നും ഉളവായി വരുന്നതാണ്. നാം യേശുവില്‍ കേന്ദ്രീകൃതമാകുമ്പോള്‍, നമുക്ക് ചുറ്റും എന്തെല്ലാം സംഭവിച്ചാലും, നമ്മുടെ ഹൃദയത്തിനു സ്വസ്ഥത അനുഭവിക്കാന്‍ സാധിക്കും.
യേശുവിന്‍റെ സമാധാനം എന്നാല്‍ പരിശോധനകളുടെ അഭാവം എന്നാല്‍ അര്‍ത്ഥമാക്കുന്നത്. പല സമയങ്ങളിലും, നമ്മുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമ്പോഴാണ് സമാധാനം വരുന്നതെന്ന് നാം ചിന്തിക്കുന്നു. എന്നാല്‍ പ്രതിസന്ധികളില്ലാത്ത ഒരു ജീവിതം യേശു ഒരിക്കലും വാഗ്ദത്തം ചെയ്തിട്ടില്ല. സത്യത്തില്‍, നിങ്ങള്‍ക്ക് ഈ ലോകത്തില്‍ കഷ്ടങ്ങളുണ്ട് എന്നാണ് യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത് (യോഹന്നാന്‍ 16:33). യേശു നല്‍കുന്നതായ സമാധാനം കൊടുങ്കാറ്റില്‍ നിന്നുള്ള രക്ഷപ്പെടലല്ല മറിച്ച് അതിന്‍റെ നടുവിലും ശാന്തമായും ഉറപ്പോടെയും നില്‍ക്കാനുള്ള കഴിവിനെയാണ് കാണിക്കുന്നത്.
മര്‍ക്കോസ് 4:39 ല്‍, യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയ നിമിഷത്തെക്കുറിച്ച് ചിന്തിക്കുക. കാറ്റും തിരമാലയും തങ്ങള്‍ക്കു ചുറ്റും ആഞ്ഞടിച്ചപ്പോള്‍ ശിഷ്യന്മാര്‍ പരിഭ്രാന്തരായി. എന്നാല്‍ യേശു എഴുന്നേറ്റുനിന്നു, കൊടുങ്കാറ്റിനോടു സംസാരിച്ചു, അങ്ങനെ പെട്ടെന്ന് ശാന്തത കൈവന്നു. ഇതേ യേശു, കാറ്റിന്മേലും തിരകളുടെ മേലും അധികാരമുള്ളവന്‍, തന്‍റെ സമാധാനത്തെ നമുക്ക് വാഗ്ദത്തം ചെയ്യുന്നു. ജീവിതത്തില്‍ സംഭ്രമത്തില്‍കൂടി പോകേണ്ടതായി വരുമ്പോള്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുവാന്‍ കഴിയുന്ന തരത്തിലുള്ള സമാധാനമാണിത് കാരണം ദൈവം സകലത്തേയും നിയന്ത്രിക്കുന്നു എന്ന് നമുക്കറിയാം.
ലോകം താല്ക്കാലീകമായ സമാധാനത്തെ പ്രദാനം ചെയ്യുമായിരിക്കും, എന്നാല്‍ യേശുവിന്‍റെ സമാധാനം നിലനില്‍ക്കുന്നതാണ്. ലോകത്തിന്‍റെ സമാധാനം നിബന്ധനകളോടുകൂടി വരുന്നതാണ് - അത് നന്നായി നടക്കുന്ന കാര്യങ്ങള്‍, സ്വസ്ഥമായിരിക്കുക, അല്ലെങ്കില്‍ നാം ആഗ്രഹിക്കുന്നതെല്ലാം നമുക്കുണ്ടാകുക എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ യേശുവിന്‍റെ സമാധാനം ഈ വ്യവസ്ഥകളെ മറികടക്കുന്നതാണ്. അത് നമ്മുടെ ഹൃദയങ്ങളേയും നിനവുകളെയും കാക്കുന്നതാണ് എന്ന് ഫിലിപ്പിയര്‍ 4:7 നമ്മെ ഓര്‍മ്മിപ്പിക്കുന്നു, മാത്രമല്ല നമുക്ക് ചുറ്റുമുള്ളതെല്ലാം അനിശ്ചിതത്വത്തിലായിരിക്കുമ്പോള്‍ പോലും ഭയം കൂടാതെ ജീവിക്കാന്‍ അത് നമ്മെ അനുവദിക്കുന്നു.
യേശുവിനെ കൂടാതെ നിങ്ങള്‍ എവിടെയെല്ലാമാണ് സമാധാനം അന്വേഷിക്കുന്നതെന്ന് ചിന്തിക്കാന്‍ ഇന്ന് ഒരു നിമിഷം എടുക്കുക. നിങ്ങളുടെ അവസ്ഥയിലെ മാറ്റം നിങ്ങള്‍ ആഗ്രഹിക്കുന്ന വിശ്രമം നിങ്ങള്‍ക്ക് നല്‍കുമെന്ന് വിശ്വസിച്ചുകൊണ്ട് ബാഹ്യമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ സമാധാനം അന്വേഷിക്കുന്നവരാണോ? അങ്ങനെയെങ്കില്‍, യഥാര്‍ത്ഥ സമാധാനത്തിന്‍റെ ഉറവിടമായ യേശുവിങ്കലേക്ക് നിങ്ങളുടെ ഹൃദയത്തെ തിരിച്ചുവിടുക. യോഹന്നാന്‍ 14:27 ധ്യാനിക്കയും, നിങ്ങള്‍ കടന്നുപോകുന്ന എല്ലാകാര്യങ്ങള്‍ക്കും അപ്പുറമായി, യേശുവിന്‍റെ സമാധാനം ഇപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ലഭ്യമാണെന്ന് ഓര്‍ക്കുകയും ചെയ്യുക.
ദൈവത്തിന്‍റെ സന്നിധിയില്‍ ശാന്തമായി സമയങ്ങള്‍ ചിലവഴിച്ചുകൊണ്ട് ആരംഭിക്കുക, അവന്‍റെ സമാധാനത്താല്‍ നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുവാന്‍ അവനോടു അപേക്ഷിക്കുക. നിങ്ങളെ പ്രയസപ്പെടുത്തികൊണ്ടിരിക്കുന്ന കാര്യങ്ങളെ വിട്ടുക്കളയുക - അത് സാമ്പത്തീകമായ ആകുലതകളാകാം, ആരോഗ്യപ്രശ്നങ്ങളാകാം, അല്ലെങ്കില്‍ ബന്ധങ്ങളിലുള്ള വിള്ളലുകളാകാം - അത് യേശുവിന്‍റെ കരങ്ങളില്‍ കൊടുക്കുക. നിങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍, അവന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളെയും കാക്കുമെന്ന് വിശ്വസിക്കുക.
ദൈനംദിന പരിശീലനം എന്ന നിലയില്‍, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉത്കണ്ഠകളോ അഥവാ അസ്വസ്ഥതകളോ അനുഭവപ്പെടുന്ന നിങ്ങളുടെ ജീവിതത്തിലെ ഒരു മേഖല ഏതെന്ന് എഴുതുക. ആ സാഹചര്യത്തിലേക്ക് കര്‍ത്താവായ യേശുവിന്‍റെ സമാധാനം കൊണ്ടുവരുവാനായി അവനോടു അപേക്ഷിച്ചുകൊണ്ട്, അതിനായി പ്രാര്‍ത്ഥിക്കുക. പിന്നീട്, ദിവസം മുഴുവനും, ഉത്കണ്ഠ മടങ്ങിവരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ ഒക്കെയും, ഒരുനിമിഷം നിര്‍ത്തി, യോഹന്നാന്‍ 14:27 നിങ്ങളെത്തന്നെ ഓര്‍മ്മിപ്പിക്കുക. ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ഉച്ചത്തില്‍ പ്രഘോഷിക്കുക: "യേശുവേ, അങ്ങയുടെ സമാധാനം അങ്ങ് എനിക്ക് നല്‍കിതന്നിട്ടുണ്ട്".
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, സമാധാനത്തിന്‍റെ യഥാര്‍ത്ഥ ഉറവിടമായിരിക്കുന്നതില്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. സംതൃപ്തി നല്‍കുവാന്‍ കഴിയാത്ത കാര്യങ്ങളില്‍ സമാധാനം അന്വേഷിക്കുന്നത് നിര്‍ത്തുവാനും അതിനുപകരം അങ്ങയുടെ സന്നിധിയില്‍ വിശ്രാമം കണ്ടെത്തുവാനും എന്നെ സഹായിക്കേണമേ. ഞാന്‍ അഭിമുഖീകരിക്കുന്ന കൊടുങ്കാറ്റ് എന്തുമാകട്ടെ, അങ്ങയുടെ സമാധാനം എന്നെ കാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങയുടെ വിലയേറിയ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● സ്നേഹത്തിന്റെ ഭാഷ● മറക്കുന്നതിലെ അപകടങ്ങള്‍
● വിശ്വാസ ജീവിതം
● യേശു എന്തുകൊണ്ടാണ് ഒരു കഴുതയുടെ പുറത്ത് യാത്ര ചെയ്തത്?
● ദിവസം 20:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നടപടി എടുക്കുക
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #4
അഭിപ്രായങ്ങള്‍