അനുദിന മന്ന
കഴിഞ്ഞകാലങ്ങളിലെ കല്ലറകളില് അടക്കംചെയ്തു കിടക്കരുത്
Thursday, 16th of March 2023
1
0
900
ഓര്മ്മകള് എന്നത് നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതായ ഒരു ഭാഗമാണ്. നമ്മുടെ തെറ്റുകളില് നിന്നും പഠിക്കുവാനും, നമ്മുടെ അനുഗ്രഹങ്ങളില് സന്തോഷിക്കുവാനും, നമ്മുടെ ഭാവിയ്ക്കായുള്ള ഒരു മാര്ഗ്ഗരേഖ നല്കുവാനും അത് നമ്മെ സഹായിക്കുന്നു. എന്നിരുന്നാലും, എല്ലാ ഓര്മ്മകളും ഒരേപോലെയല്ല നിര്മ്മിക്കപ്പെട്ടിരിക്കുന്നത്. നമുക്കെല്ലാവര്ക്കും നല്ലതും മോശമായതുമായ ഓര്മ്മകളുണ്ട്. നല്ല ഓര്മ്മകള് സന്തോഷവും, ആശ്വാസവും, പ്രത്യാശയും കൊണ്ടുവരുമ്പോള്, മോശമായ ഓര്മ്മകള് നമ്മെ വേട്ടയാടുകയും, ഭയമുള്ളവരാക്കി മാറ്റുകയും, നമ്മുടെ വളര്ച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.
നമ്മുടെ മോശം ഓര്മ്മകളും കഴിഞ്ഞകാലങ്ങളിലെ പാപങ്ങളും നമ്മുടെ ഭാവിയെ നിയന്ത്രിക്കരുതെന്നു വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. നാം എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. (റോമര് 3:23). ക്രിസ്ത്യാനിത്വത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില് ഒരുവനായിരുന്ന അപ്പോസ്തലനായ പൌലോസ് പോലും, ഒരിക്കല് ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും സ്തേഫാനോസിന്റെ കുലപാതകത്തിനു സമ്മതം നല്കുകയും ചെയ്ത കുപ്രസിദ്ധനായ തര്സോസുകാരനായ ശൌല് ആയിരുന്നു. (അപ്പൊ.പ്രവൃ 8:1).എന്നാല്, തന്റെ മാനസാന്തരത്തിനു ശേഷം പൌലോസ് ആകമാനം മാറിയ ഒരു മനുഷ്യനായി. സുവിശേഷം പ്രസംഗിക്കുന്നതിനായി അവന് തന്റെ ജീവിതം സമര്പ്പിച്ചു, മാത്രമല്ല അവന്റെ എഴുത്തുകള് ഈ ദിവസംവരെ പ്രചോദനം നല്കുന്നതും പ്രസക്തവുമാകുന്നു.
എന്നാല് ആ കാലത്തുണ്ടായിരുന്ന ചില സഭകള് പൌലോസിന്റെ മാനസാന്തരത്തെ സൂക്ഷ്മതയോടെ വീക്ഷിച്ചു. അവനു സഭയില് നുഴഞ്ഞുക്കയറി ആളുകളുടെ പേരുകള് ശേഖരിച്ചു ഭാവിയില് അവരേയും പിടിച്ചുകെട്ടുവാന് വേണ്ടിയുള്ള അവന്റെ ഒരു കാപട്യമായിരിക്കാം അതെന്ന് അവര് ഭയപ്പെട്ടു. പൌലോസ് അവരുടെ ആശങ്ക മനസ്സിലാക്കി ഫിലിപ്പിയര്ക്ക് ഇങ്ങനെ എഴുതി, "സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു". (ഫിലിപ്പിയര് 3:13-14). മറ്റൊരു വാക്കില് പറഞ്ഞാല്, മോശമായ ഓര്മ്മകള് കഴിഞ്ഞകാലത്തിലെ കല്ലറകളില് അടക്കം ചെയ്യപ്പെടണമെന്നും ഒരിക്കലും അത് പിന്നീട് പൊങ്ങിവരരുതെന്നും പൌലോസ് അറിഞ്ഞിരുന്നു.
എന്നാല് നല്ല ഓര്മ്മകളെ സംബന്ധിച്ചു എന്താണ്? അതും നാം മറന്നുകളയണമോ? തീര്ച്ചയായും പാടില്ല! നല്ല ഓര്മ്മകള് നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുവാന് വേണ്ടി നാം ഉപയോഗിക്കേണ്ടതും അതില് നാം ആനന്ദിക്കേണ്ടതുമായ വിലയേറിയ നിക്ഷേപങ്ങളാകുന്നു. നമുക്കുവേണ്ടി ദൈവം എങ്ങനെ കടന്നുവന്നുവെന്നും, നമ്മുടെ പ്രാര്ത്ഥനയ്ക്ക് മറുപടി തന്നുവെന്നും, ഒരു അത്ഭുതം പ്രവര്ത്തിച്ചുവെന്നും, അല്ലെങ്കില് പ്രതീക്ഷിക്കാത്ത വഴികളിലൂടെ എങ്ങനെ അനുഗ്രഹിച്ചുവെന്നും നാം ഓര്ക്കുമ്പോള്, നാം ദൈവത്തിന്റെ നന്മകളേയും വിശ്വസ്തതയേയും കുറിച്ച് ഓര്മ്മിക്കുവാന് ഇടയാകും.
ഉദാഹരണത്തിന്, യിസ്രായേല് ജനം യോര്ദ്ദാന് നദി കടന്നു വാഗ്ദത്ത ദേശത്ത് പ്രവേശിച്ചപ്പോള്, ദൈവത്തിന്റെ അത്ഭുതകരമായ കരുതലുകളെകുറിച്ച് അവരേയും അവരുടെ ഭാവി തലമുറകളേയും ഓര്മ്മിപ്പിക്കുവാന് വേണ്ടി നദിയില് നിന്നും പന്ത്രണ്ടു കല്ലുകള് എടുത്ത് ഒരു ജ്ഞാപകം പണിയണമെന്ന് ദൈവം അവരോടു കല്പ്പിക്കുവാന് ഇടയായിത്തീര്ന്നു (യോശുവ 4:1-9). അതുപോലെ, പുതിയനിയമത്തിലും, യേശുവിന്റെ മരണത്തിന്റെയും ഉയര്പ്പിന്റെയും ഓര്മ്മയ്ക്കായി കര്ത്താവിന്റെ മേശ അവന് സ്ഥാപിച്ചു (ലൂക്കോസ് 22:19-20). ഈ രണ്ടു ജ്ഞാപകങ്ങളും ദൈവത്തിന്റെ ശക്തിയുടേയും, സ്നേഹത്തിന്റെയും, വിശ്വസ്തതയുടേയും പ്രത്യക്ഷമായ ഒരു ഓര്മ്മപ്പെടുത്തലായി നിലനില്ക്കുന്നു.
ആകയാല്, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാനും ജീവിതത്തില് മുമ്പോട്ടു പോകുവാനും വേണ്ടി നല്ല ഓര്മ്മകളെ നമുക്ക് എങ്ങനെ ഉപയോഗിക്കുവാന് സാധിക്കും? ചില നിര്ദ്ദേശങ്ങള് ഇവിടെ പരാമര്ശിക്കുന്നു:
1. ഓര്ക്കുകയും നന്ദി പറയുകയും ചെയ്യുക:
നിങ്ങളുടെ കഴിഞ്ഞകാലങ്ങളിലെ നല്ല ഓര്മ്മകളെക്കുറിച്ച് ചിന്തിക്കുവാനും, ദൈവത്തിന്റെ അനുഗ്രഹങ്ങള്ക്കും, കരുതലുകള്ക്കും, സംരക്ഷണത്തിനുമായി ദൈവത്തിനു നന്ദി അര്പ്പിക്കുവാന് സമയം എടുക്കുക. നന്ദി അര്പ്പിക്കുക എന്നത് ഭയത്തിനും, ഉത്കണ്ഠയ്ക്കും, നിരാശയ്ക്കുമുള്ള ശക്തമായ ഒരു മറുമരുന്നാണ്. നാല്പതു വര്ഷത്തോളം താന് പരിപാലിച്ച ദൈവത്തിന്റെ ജനത്തെ മോശെ ഇപ്രകാരം ഓര്പ്പിച്ചുകൊണ്ട് പറയുന്നു, "കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ച് നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം". (ആവര്ത്തനം 4:9).
2. നിങ്ങളുടെ സാക്ഷ്യം പങ്കുവെക്കുക:
സമാനമായ പ്രയാസങ്ങളില് കൂടി കടന്നുപോകുന്നവര്ക്ക് നിങ്ങളുടെ അനുഭവസാക്ഷ്യം ഒരു പ്രചോദനവും പ്രോത്സാഹനവുമായി മാറും. നിങ്ങളുടെ ജീവിതത്തില് ദൈവം എങ്ങനെ പ്രവര്ത്തിച്ചു എന്നതിനെക്കുറിച്ച് പങ്കുവെക്കുവാന് ഭയപ്പെടരുത്.
3. ജ്ഞാപകം പണിയുക:
യിസ്രായേല് ജനം ചെയ്തതുപോലെ അക്ഷരീകമായ ഒരു ജ്ഞാപകം നിങ്ങള് പണിയേണ്ട ആവശ്യമില്ല, എന്നാല് ദൈവത്തിന്റെ നന്മകളെകുറിച്ച് ദൃശ്യമായ ഒരു ഓര്മ്മപ്പെടുത്തല് നിങ്ങള്ക്കുണ്ടാക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ പ്രാര്ഥനകളും അവയുടെ മറുപടികളും നിങ്ങള്ക്ക് എഴുതിവെക്കാം, അവിസ്മരണീയമായ ഓര്മ്മകളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുകയോ അല്ലെങ്കില് ദൈവത്തിന്റെ സ്നേഹത്തെകുറിച്ച് നിങ്ങളെ ഓര്മ്മിപ്പിക്കുന്ന ഗാനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയോ ചെയ്യാം.
4. ദൈവത്തിന്റെ വിശ്വസ്തതയില് ആശ്രയിക്കുക:
ദൈവം വിശ്വസ്തനും നമ്മുടെ ആവശ്യങ്ങള്ക്കായി കരുതുന്നുവനും, നമ്മുടെ തീരുമാനങ്ങളില് നമുക്ക് മാര്ഗ്ഗനിര്ദ്ദേശം നല്കുന്നവനും, ഭാവിയ്ക്കായുള്ള പ്രത്യാശ നമുക്ക് നല്കുന്നവനും ആണെന്ന് വിശ്വസിക്കുവാന് നല്ല സ്മരണകള് നമ്മെ ഓര്മ്മിപ്പിക്കുന്നു. നാം പുതിയ വെല്ലുവിളികള് അഭിമുഖീകരിക്കുമ്പോള്, നമ്മുടെ വിശ്വാസം ബലപ്പെടുത്തുവാനും ദൈവത്തില് ആശ്രയിക്കുവാനും വേണ്ടി ആ ഓര്മ്മകളെ നമുക്ക് ശേഖരിക്കുവാന് കഴിയും. "ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണിക്കും;
നിന്റെ പണ്ടത്തെ അദ്ഭുതങ്ങളെ ഞാൻ ഓർക്കും". (സങ്കീര്ത്തനം 77:11).
മോശമായ ഓര്മ്മകള് കഴിഞ്ഞകാലങ്ങളിലെ കല്ലറകളില് അടക്കംചെയ്യപ്പെടണം എന്നുള്ള കാര്യം മറക്കരുത്, എന്നാല് നല്ല ഓര്മ്മകള് ഒരു നിധിപോലെപോലെ സൂക്ഷിക്കയും നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാന് ഉപയോഗിക്കയും വേണം. നമുക്ക് പൌലോസിന്റെ വാക്കുകള് ഓര്ക്കുകയും ദൈവത്തിലുള്ള ആശ്രയത്തോടും നന്ദിയോടുംകൂടെ നമ്മുടെ വിളിയുടെ ലക്ഷ്യത്തിലേക്ക് ഓടുകയും ചെയ്യാം.
പ്രാര്ത്ഥന
സ്വര്ഗ്ഗീയ പിതാവേ, സകല നല്ല ഓര്മ്മകള്ക്കുമായി അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ ഓര്മ്മകളില് സന്തോഷിക്കുവാനും അങ്ങയില് ആശ്രയിക്കേണ്ടതിനും ഞങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തേണ്ടതിനുമായി അവയെ ഉപയോഗിക്കുവാനും ഞങ്ങളെ സഹായിക്കേണമേ. എല്ലാ മോശമായ ഓര്മ്മകളേയും ദയവായി മായിച്ചുക്കളയേണമേ. ഞങ്ങളുടെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുമ്പോള് ഞങ്ങളെ അങ്ങ് നയിക്കേണമേ. യേശുവിന്റെ നാമത്തില്. ആമേന്.
Join our WhatsApp Channel
Most Read
● കര്ത്താവിനോടുകൂടെ നടക്കുക● ശ്രദ്ധിക്കപ്പെടാതെ പോകുന്ന വീരന്മാര്
● വിശ്വാസത്തില് ഉറച്ചുനില്ക്കുക
● സുവിശേഷം പ്രചരിപ്പിക്കുക
● നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക
● ആത്മീക അഹങ്കാരത്തിന്റെ കെണി
● ഇന്നത്തെ സമയങ്ങളില് ഇതു ചെയ്യുക
അഭിപ്രായങ്ങള്