അനുദിന മന്ന
1
0
61
ശീര്‍ഷകം: പുരാണ യിസ്രായേല്യ ഭവനങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍
Sunday, 19th of March 2023
"യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു" (സങ്കീര്‍ത്തനം 127:1).
യിസ്രായേലിന്‍റെ ആരംഭ കാലങ്ങളില്‍ ലളിതമായ സാമഗ്രികള്‍ ഉപയോഗിച്ചാണ് മിക്കവാറും വീടുകള്‍ പണിതിരുന്നത്: അടിസ്ഥാനത്തിനും ഭിത്തിക്കും കല്ലും തറയ്ക്കു ചെളിയും ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, ഈ ഭവനങ്ങളില്‍ ചിലതിന്‍റെ പ്രധാനപ്പെട്ട മുറികളില്‍ മനോഹരമായ മൊസൈക്ക് ടൈലുകള്‍ ഇട്ടിരുന്നു, പുരാണകാലങ്ങളില്‍ പോലും ആളുകള്‍ തങ്ങള്‍ക്കുചുറ്റും മനോഹാരിത അന്വേഷിച്ചിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്.
എന്നാല്‍ ഒരു ഭവനത്തെ പ്രത്യേകതയുള്ളതാക്കുന്നത് അതിന്‍റെ ഭൌതീകമായ ഘടന മാത്രമല്ല. ഒരു പഴമൊഴി ഇങ്ങനെയുണ്ട്, "ഭവനം ഉള്ളിടത്ത് ഹൃദയവും ഇരിക്കും", മാത്രമല്ല ആ ഭവനത്തില്‍ താമസിക്കുന്ന ആളുകളാണ് നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത്.
ശക്തമായ ഒരു അടിസ്ഥാനത്തിന്മേല്‍ നമ്മുടെ ജീവിതം പണിയേണ്ടതിന്‍റെ പ്രാധാന്യതയെ സംബന്ധിച്ചു വേദപുസ്തകത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഉദാഹരണത്തിനു, യേശു രണ്ടു കെട്ടിടങ്ങളെ കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി, "24ആകയാൽ എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. 25വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
26എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവനൊക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. 27വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു, അതു വീണു; അതിന്‍റെ വീഴ്ച വലിയതായിരുന്നു". (മത്തായി 7:24-27).
അതുപോലെതന്നെ, സദൃശ്യവാക്യങ്ങള്‍ 14:1 പറയുന്നു, "സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്‍റെ വീടു പണിയുന്നു; ഭോഷത്തമുള്ളവളോ അതു സ്വന്ത കൈകളാൽ പൊളിച്ചുകളയുന്നു". നമുക്കും നമ്മുടെ പ്രയപ്പെട്ടവര്‍ക്കും പരിപോഷണത്തിനും പിന്തുണയ്ക്കും ഉതകുന്നതായ ഒരു ഭവനാന്തരീക്ഷം സൃഷ്ടിക്കുവാനുള്ള ഉത്തരാവാദിത്വം നമുക്കുണ്ടെന്ന് ഈ വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ആകയാല്‍ നമ്മുടെ ഭവനങ്ങളെ പരിപോഷിക്കയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ഭവനാന്തരീക്ഷം പണിയുവാന്‍ നമുക്ക് എങ്ങനെ സാധിക്കും? ചിന്തിക്കേണ്ടതായ ചില പ്രായോഗീക തത്വങ്ങള്‍ ഇവിടെ നല്‍കുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അത് പ്രയോഗത്തില്‍ വരുത്തിയാല്‍, നിങ്ങളുടെ ഭവനത്തില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ നിങ്ങള്‍ കാണുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
1. ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
ദിവസത്തിന്‍റെ ഒടുവില്‍, നമ്മുടെ ജീവിതത്തില്‍ ഏറ്റവും വേണ്ടപ്പെട്ടത് ആളുകളാണ്. നമ്മുടെ പങ്കാളിയുമായി, കുഞ്ഞുങ്ങളുമായി, മറ്റു കുടുംബാംഗങ്ങളുമായി ഉള്ളതായ നമ്മുടെ ബന്ധങ്ങള്‍ക്ക് നാം സമയവും ഊര്‍ജ്ജവും നല്‍കേണ്ടത് ആവശ്യമാകുന്നു. സദൃശ്യവാക്യങ്ങള്‍ 24:3-4 പറയുന്നു, "ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു;
വിവേകംകൊണ്ട് അതു സ്ഥിരമായിവരുന്നു. പരിജ്ഞാനംകൊണ്ട് അതിന്‍റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞു വരുന്നു". നമുക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് മൂല്യം കല്പിക്കുന്നതില്‍ കൂടി സത്യമായ ജ്ഞാനം ആരംഭിക്കുന്നു.
2. കൃപയുടേയും സ്നേഹത്തിന്‍റെയും ഒരു അന്തരീക്ഷം ഉളവാക്കുക.
ആരോഗ്യകരമായ ഒരു ഭവനത്തിനു അനിവാര്യമായ ചേരുവകളാണ് ക്ഷമ, സഹനശീലം, ദയ തുടങ്ങിയവ. എഫെസ്യര്‍ 4:2-3 പറയുന്നു, "പൂർണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ". ഈ ഗുണങ്ങള്‍ പ്രായോഗീകമാക്കുവാന്‍ എപ്പോഴും എളുപ്പമുള്ളതല്ല, എന്നാല്‍ അവയ്ക്ക് നമ്മുടെ ഭവനങ്ങളെ സൌഖ്യത്തിന്‍റെയും പുനഃസ്ഥാപനത്തിന്‍റെയും സ്ഥലങ്ങളാക്കി രൂപാന്തരപ്പെടുത്തുവാന്‍ കഴിയും.
3. സൗന്ദര്യവും ക്രമവും സൃഷ്ടിക്കുക.
ഇത് ഒരു ഭവനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വശം അല്ലെങ്കിലും, സൌന്ദര്യാത്മകമായി ഹൃദ്യമായതും നന്നായി ക്രമീകരിക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാന്‍ എന്തെങ്കിലും ചെയ്യേണ്ടതാകുന്നു. മനോഹരമായ പുഷ്പങ്ങളോ അല്ലെങ്കില്‍ കലാസൃഷ്ടികളോ കൊണ്ടുള്ള ലളിതമായ ഒരു സ്പര്‍ശനമോ അഥവാ ആവശ്യമില്ലാത്ത വസ്തുക്കള്‍ നിങ്ങളുടെ ഭവനത്തില്‍ നിന്നും ഒഴിവാക്കുന്ന വലിയ ചില പദ്ധതികളോ ഇതൊക്കെയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സഭാപ്രസംഗി 3:11 പറയുന്നു, "അവൻ സകലവും അതതിന്‍റെ സമയത്തു ഭംഗിയായി ചെയ്തു". നമ്മുടെ ഭവനങ്ങളില്‍ സൌന്ദര്യം കൊണ്ടുവരുന്നതില്‍ കൂടി, ദൈവത്തിന്‍റെ ക്രിയാത്മകതയും സ്നേഹത്തിന്‍റെ മനോഹാരിതയും നമുക്ക് പ്രതിഫലിപ്പിക്കുവാന്‍ സാധിക്കും.
4. വിശ്വാസത്തിന്‍റെ ഒരു സംസ്കാരം പണിയുക.
മുടങ്ങാതെയുള്ള കുടുംബ പ്രാര്‍ത്ഥന, വ്യക്തിപരമായുള്ള ആരാധനയുടെ സമയങ്ങള്‍, ദൈവവചന പഠനം എന്നിവ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും ദൈവത്തോടും പരസ്പരവും കൂടുതല്‍ അടുക്കുവാന്‍ സഹായിക്കും. യോശുവ 24:15 പറയുന്നു, "ഞാനും എന്‍റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും". വിശ്വാസത്തെ നിങ്ങളുടെ ഭവനത്തിന്‍റെ മുന്‍ഗണനയാക്കി മാറ്റുന്നതില്‍കൂടി, ഈ ജീവിതകാലത്തിനും അപ്പുറമായി നിലനില്‍ക്കുന്ന ഒരു അടിസ്ഥാനം നിങ്ങള്‍ക്ക് പണിയുവാന്‍ സാധിക്കും.
ലളിതവും എന്നാല്‍ പ്രായോഗീകവും ആയിരിക്കുന്നതായ ഈ തത്വങ്ങള്‍ സ്വീകരിക്കുന്നതില്‍ കൂടി, നമുക്കും മറ്റുള്ളവര്‍ക്കും ശരിക്കും ഒരു വിശുദ്ധസ്ഥലമായിരിക്കുന്ന ഒരു ഭവനത്തെ സൃഷ്ടിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും.
പ്രാര്‍ത്ഥന
സ്വര്‍ഗീയപിതാവേ, ഞങ്ങളുടെ ഭവനത്തിന്‍റെ ഓരോ മുക്കിലും മൂലയിലും അങ്ങയുടെ സാന്നിധ്യത്തിനായി ഞങ്ങള്‍ അപേക്ഷിക്കുന്നു. അതിനുചുറ്റും അവിടുന്ന് ഒരു തീമതിലായും, അതിന്‍റെയകത്ത് മഹത്വമായും ഇരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Most Read
● കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 1● ആരാധനയ്ക്കുള്ള ഇന്ധനം
● വിശ്വാസം: ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള ഉറപ്പായ ഒരു വഴി
● നിങ്ങളുടെ ജോലി സംബന്ധിച്ചുള്ള ഒരു രഹസ്യം
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
● അസാധാരണമായ ആത്മാക്കള്‍
● നിരുത്സാഹത്തിന്‍റെ അമ്പുകളെ അതിജീവിക്കുക - 1
അഭിപ്രായങ്ങള്‍