നാം ശത്രുവിനെ (പിശാചിനെ) ഭയപ്പെടുവാനുള്ള പ്രധാന കാരണം നാം നടക്കുന്നത് വിശ്വാസത്താലല്ല മറിച്ച് കാഴ്ചയാല്‍ ആയതുകൊണ്ടാണ്. നമ്മുടെ സ്വാഭാവീകമായ ഇന്ദ്രിയങ്ങളാല്‍ നാം കാണുന്ന കാര്യങ്ങളെ മാത്രം പൂര്‍ണ്ണമായും ആശ്രയിക്കുമ്പോള്‍, നമുക്ക് ചുറ്റും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആത്മീക യാഥാര്‍ഥ്യങ്ങളെ പലപ്പോഴും നമുക്ക് നഷ്ടമായി പോകുന്നു. വെല്ലുവിളികളുടേയും എതിര്‍പ്പുകളുടെയും മുമ്പില്‍ ഇത് ഭയത്തിലേക്കും, സംശയത്തിലേക്കും ശക്തിയില്ലായ്മ തോന്നുന്ന സാഹചര്യത്തിലേക്കും നയിക്കുവാന്‍ ഇടയാകും.
നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ 2 രാജാക്കന്മാര്‍ 6 ലേക്ക് ക്ഷണിക്കുന്നു. അരാം രാജാവ് യിസ്രായേലിനു വിരോധമായി യുദ്ധം ചെയ്യുന്നു. തന്‍റെ ഉപദേശകരുമായി രഹസ്യമായി താന്‍ തയ്യാറാക്കുന്ന എല്ലാ പദ്ധതികളും ചോര്‍ത്തി യിസ്രായേല്‍ രാജാവിനെ അറിയിക്കുന്നത് തന്നെ വല്ലാതെ അലട്ടുവാന്‍ ഇടയായിത്തീര്‍ന്നു. തന്‍റെ ഭൃത്യന്മാരില്‍ ചാരനായിട്ടു ആരോ ഉണ്ടെന്നു താന്‍ സംശയിച്ചു എന്നാല്‍ അങ്ങനെ ആരും ഇല്ലായെന്ന് പിന്നീട് ഉറപ്പുവരുത്തി. അരാം രാജാവ് രഹസ്യമായി ഒരുക്കുന്ന തന്ത്രപരമായ സകല നീക്കങ്ങളും യഹോവയുടെ ആത്മാവ് പ്രവാചകനായ ഏലിശയ്ക്ക് വെളിപ്പെടുത്തി കൊടുക്കുന്നതാണെന്ന് പിന്നീട് താന്‍ അറിയുകയുണ്ടായി. തന്‍റെ ശ്രേഷ്ഠന്മാരായ ഉദ്യോഗസ്ഥരോടു പ്രവാചകനായ എലിശായെ പിടിക്കുവനായി അരാം രാജാവ് കല്പിച്ചു.
ദൈവപുരുഷന്‍റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോട്: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു. അതിന് അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു. പിന്നെ എലീശാ പ്രാർഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്‍റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്‍റെ കണ്ണു തുറന്നു; എലീശായുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. (2 രാജാക്കന്മാര്‍ 6:15-17).
എലിശായുടെ ബാല്യക്കാരന്‍ നോക്കുന്നുണ്ടായിരുന്നു എന്നാല്‍ കാണുന്നില്ലായിരുന്നു. അരാം സൈന്യം പട്ടണം വളഞ്ഞിരിക്കുന്നത് അവന്‍ കണ്ടു, എന്നാല്‍ ദൂതന്മാരുടെ സേന ദൈവ ജനത്തെ സംരക്ഷിക്കുന്നത് കാണുവാന്‍ അവനു കഴിഞ്ഞില്ല. അവന്‍ ആത്മീക അന്ധതയിലാണ് നടന്നിരുന്നത്.
ഈ ആത്മീക അന്ധതയോടു എതിര്‍ക്കുവാന്‍ ശക്തമായ ഒരു ആയുധമായിരുന്നു പ്രവാചകനായ എലിശായുടെ പ്രാര്‍ത്ഥന. നാം അനുദിനവും പ്രാര്‍ത്ഥിക്കണം, "കര്‍ത്താവേ, ഞാന്‍ കാണണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന കാര്യങ്ങളെ കാണുവാന്‍ വേണ്ടി എന്‍റെ കണ്ണുകളെ തുറക്കേണമേ". അങ്ങനെ ചെയ്യുന്നതില്‍ കൂടി, ദൈവത്തിന്‍റെ വീക്ഷണം നമുക്ക് വെളിപ്പെടുത്തി തരുവാനും, തന്‍റെ ദൈവീകമായ സംരക്ഷണത്തിലും കരുതലിലും ആശ്രയിച്ചുകൊണ്ടു, വിശ്വാസത്താല്‍ നടക്കേണ്ടതിനു നമ്മെ ശക്തീകരിക്കേണ്ടതിനുമായി നാം ദൈവത്തെ ക്ഷണിക്കുകയാകുന്നു ചെയ്യുന്നത്.
നമ്മുടെ ആത്മീക കണ്ണുകള്‍ തുറക്കപ്പെടുമ്പോള്‍, നാം ദൈവത്തിന്‍റെ വീക്ഷണത്തില്‍ നിന്നും കാര്യങ്ങളെ കാണുവാനായി തുടങ്ങും. ക്രിസ്തുവില്‍ നാം സ്വര്‍ഗ്ഗീയ സ്ഥലങ്ങളില്‍ ഇരുത്തപ്പെട്ടിരിക്കയാണെന്ന്, അവന്‍ പരമാധികാരിയായി വാഴുന്നുവെന്ന്, നമുക്കുവേണ്ടി വിജയം നേടിതന്നിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു. അതിന്‍റെ ഫലമായി, ഭയം കൂടാതെ, കര്‍ത്താവ് നമ്മോടുകൂടെ ഉണ്ടെന്നും അവന്‍റെ ദൂത സേനകള്‍ നമുക്ക് ചുറ്റും ഉണ്ടെന്നും അറിഞ്ഞുകൊണ്ട് നമുക്ക് ധൈര്യത്തോടെ നടക്കുവാനായി സാധിക്കും.
നമ്മുടെ അനുദിന ജീവിതത്തില്‍, മറികടക്കാനാവാത്തത് എന്ന് തോന്നിപ്പിക്കുന്ന വെല്ലുവിളികളും എതിര്‍പ്പുകളും നമുക്ക് ഒരുപക്ഷേ അഭിമുഖീകരിക്കേണ്ടതായി വരും. എന്നാല്‍ കാഴ്ചയാല്‍ അല്ല വിശ്വാസത്തില്‍ നടക്കുവാന്‍ നാം തീരുമാനിക്കുമ്പോള്‍, നമ്മുടെ നന്മയ്ക്കും ദൈവത്തിന്‍റെ മഹത്വത്തിനുമായിസാഹചര്യങ്ങളേയും സംഭവങ്ങളേയും ദൈവം ഒരുക്കികൊണ്ട്, സകലത്തിന്‍റെയും പിന്നില്‍ അവന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്ക് വിശ്വസിക്കാം. കര്‍ത്താവ് നമ്മുടെ ഭാഗത്താണെന്നും നമുക്കുവേണ്ടി അവന്‍റെ ദൂതന്മാര്‍ പോരാടുന്നുവെന്നും അറിഞ്ഞുകൊണ്ട്, നമുക്ക് സമാധാനവും ഉറപ്പും കണ്ടെത്തുവാന്‍ സാധിക്കും.
പ്രാര്‍ത്ഥന
1. 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, ഞാന്‍ കാണണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞാന്‍ കാണുവാന്‍ വേണ്ടി യേശുവിന്‍റെ നാമത്തില്‍ എന്‍റെ ആത്മീക കണ്ണുകളെ തുറക്കേണമേ.
കുടുംബത്തിന്‍റെ രക്ഷ
പിതാവാം ദൈവമേ, അങ്ങയുടെ വചനം പറയുന്നു, "ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു". (2 കൊരിന്ത്യര്‍ 7:10). എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി തീര്‍ന്നുവെന്ന യാഥാര്‍ഥ്യത്തിലേക്ക് ഞങ്ങളുടെ കണ്ണുകളെ തുറക്കുവാന്‍ അവിടുത്തേക്ക് മാത്രമേ കഴിയുകയുള്ളൂ. എന്‍റെ കുടുംബാംഗങ്ങള്‍ മാനസാന്തരപ്പെടുവാന്‍, അങ്ങേയ്ക്കായി സമര്‍പ്പിക്കുവാന്‍, രക്ഷിക്കപ്പെടുവാന്‍ വേണ്ടി ദൈവഹിതപ്രകാരമുള്ള ഒരു ദുഃഖം അവരില്‍ ഉണ്ടാകുവാന്‍ അങ്ങയുടെ ആത്മാവ് ചലിക്കുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ലാഭമില്ലാത്ത അദ്ധ്വാനങ്ങളില്‍ നിന്നും ആശയകുഴപ്പമുള്ള പ്രവര്‍ത്തികളില്‍ നിന്നും എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, രാജ്യത്തിലുടനീളം ഉള്ളതായ ആയിരിക്കണക്കിനു കുടുംബങ്ങളില്‍ തത്സമയ പ്രക്ഷേപണം എത്തേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ രക്ഷകനും കര്‍ത്താവുമായി അറിയുവാന്‍ അവരെ ഇടയാക്കേണമേ. ബന്ധപ്പെടുന്ന ഓരോ വ്യക്തികളും വചനത്തിലും, ആരാധനയിലും, പ്രാര്‍ത്ഥനയിലും വളരുവാന്‍ സഹായിക്കേണമേ.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിന്‍റെ നെടുകേയും കുറുകേയും അങ്ങയുടെ ആത്മാവിന്‍റെ ശക്തമായ ഒരു ചലനം ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അതിന്‍റെ ഫലമായി സഭകളുടെ തുടര്‍മാനമായ വളര്‍ച്ചയും സഭകള്‍ക്ക് വിശാലതയും ഉണ്ടാകട്ടെ.
Join our WhatsApp Channel
Most Read
● ഈ പുതുവര്ഷത്തിന്റെ ഓരോദിവസവും സന്തോഷം അനുഭവിക്കുന്നത് എങ്ങനെ?● നിങ്ങള്‍ ഇപ്പോഴും കാത്തുനില്ക്കുന്നത് എന്തുകൊണ്ട്?
● ഇടര്ച്ചയില്ലാത്ത ഒരു ജീവിതം നയിക്കുക
● മഹാ പ്രതിഫലദാതാവ്
● ദാനം നല്കുവാനുള്ള കൃപ - 1
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 1
● ദിവസം 11 : 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍