വിജയങ്ങളും പരാജയങ്ങളും ഇടകലര്‍ന്ന അനുഭവങ്ങളുടെ രംഗഭൂമിയായി പലപ്പോഴും ജീവിതം പ്രദര്‍ശിപ്പിക്കപ്പെടുന്നു. കാഴ്ചക്കാര്‍ എന്ന നിലയില്‍, നമുക്ക് ചുറ്റും സംഭവിക്കുന്ന കഥകളുമായി നാം എങ്ങനെ ഇടപെടണം എന്നതിനെ സംബന്ധിച്ച് നമുക്ക് ഒരു തീരുമാനമുണ്ട്. മറ്റുള്ളവരുടെ നിര്‍ഭാഗ്യങ്ങളില്‍ ചിലര്‍ ആനന്ദം കണ്ടെത്തുമ്പോള്‍, അവരില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലാണ് ശരിയായ ജ്ഞാനം ഇരിക്കുന്നത്.
"തന്‍റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢനു ബോധത്തിൽ ഇഷ്ടമില്ല". (സദൃശ്യവാക്യങ്ങള്‍ 18:2).
മറ്റൊരു വ്യക്തിയുടെ വീഴ്ചയുടെ കഥ നമുക്ക് മുമ്പാകെ വരുമ്പോള്‍, കിംവദന്തികളുടെ നിരയില്‍ ചേരുവാന്‍ എളുപ്പമാണ്. ചര്‍ച്ച ചെയ്യുവാനും, ഖണ്ഡിക്കുവാനും, വിധിക്കുവാന്‍ പോലും പ്രലോഭനം ഉണ്ടായേക്കാം.യാതൊരു ചിന്തയും കൂടാതെ, അഹങ്കാരത്താലും നിഗളത്താലും പ്രേരിപ്പിക്കപ്പെട്ടിട്ട് മൂഢനായ ഒരുവന്‍ ഈ തര്‍ക്കത്തിലേക്കു എടുത്തുചാടുന്നു, ചില സന്ദര്‍ഭങ്ങളില്‍ അവരെക്കുറിച്ച് തന്നെ നല്ലതായി തോന്നുവാന്‍.
"നാശത്തിനു മുമ്പേ ഗർവം; വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം". (സദൃശ്യവാക്യങ്ങള്‍ 16:18).
എന്നാല്‍, ഓരോ വ്യക്തികളുടേയും യാത്ര, അവരുടെ വീഴ്ചകള്‍ പോലും, ജീവിതത്തില്‍ വിലയേറിയ പാഠങ്ങള്‍ നല്‍കുന്നു എന്ന് ഒരു ജ്ഞാനിയായ മനുഷ്യന്‍ മനസ്സിലാക്കുന്നു. അതിനെ കേവലം ഒരു കിംവദന്തിയുടെ വാര്‍ത്തയായി കാണാതെ, അതിനെ ഒരു കണ്ണാടിയായി, മനുഷ്യരായ നമുക്കെല്ലാം സംഭവിക്കുന്ന ബലഹീനതകളുടെ പ്രതിഫലനമായി കാണുന്നു. തങ്ങളുള്‍പ്പെടെ എല്ലാവരും, വിധിക്കുന്നതിലോ, പ്രവര്‍ത്തിക്കുന്നതിലോ തെറ്റുകള്‍ക്ക് വശംമതരാകുന്നവര്‍ ആണെന്ന് അവര്‍ തിരിച്ചറിയുന്നു.
"എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു". (റോമര്‍ 3:23).
അപ്പോസ്തലനായ പൌലോസിന്‍റെ ജീവിതയാത്ര ശക്തമായ ഒരു ഉദാഹരണമായി വര്‍ത്തിക്കുന്നു. ദമാസ്കോസിലേക്കുള്ള തന്‍റെ വഴിയാത്രയില്‍ വെച്ച് കര്‍ത്താവായ യേശുവിനെ കണ്ടുമുട്ടുകയും, തന്‍റെ രൂപാന്തരം സംഭവിക്കുകയും ചെയ്തതിനു മുമ്പ്, പൌലോസ് (അന്ന് ശൌല്‍) ആദിമ ക്രിസ്തീയ സഭകളെ ഉപദ്രവിച്ചിരുന്നു. എന്നാല്‍, അവന്‍റെ മാനസാന്തരത്തിനു ശേഷം, അവന്‍റെ കഴിഞ്ഞകാല തെറ്റുകള്‍, കിംവദന്തിയുടെ നിലയ്ക്കാത്ത ഒരു ഉറവിടമല്ല മറിച്ച് ദൈവത്തിന്‍റെ രൂപാന്തര ശക്തിയുടെ ഒരു സാക്ഷ്യമായി മാറി.
"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു". (2 കൊരിന്ത്യര്‍ 5:17).
നാം ദൃക്സാക്ഷികളാകുന്ന ഓരോ വീഴ്ചകളും നമ്മോടു പറയുന്നത് കാലുകള്‍ ഇടറുന്നതില്‍ നിന്നും ആരും മുക്തരല്ല എന്നാണെന്ന് നാം ഓര്‍മ്മിക്കണം. കിംവദന്തികളിലോ ന്യായവിധികളിലോ മുഴുകുന്നതിനു പകരം, നാം അതേ പാതകളില്‍ കൂടി യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുകയും, ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളിലൂടെ സഞ്ചരിക്കുവാന്‍ ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുകയും ചെയ്തുകൊണ്ട്, ആത്മപരിശോധന നടത്തുന്നതാണ് ജ്ഞാനമായ കാര്യം.
"നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ". (2 കൊരിന്ത്യര്‍ 13:5).
മറ്റുള്ളവരുടെ കഥകള്‍ അനുകമ്പയെ കൊണ്ടുവരണം. ന്യായവിധി സഹാനുഭൂതിയ്ക്ക് വഴിമാറണം. മറ്റുള്ളവരുടെ തെറ്റുകളെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമാണ്. എന്നാല്‍, സഹായത്തിന്‍റെ ഒരു കരം നീട്ടുന്നത്, പ്രാര്‍ത്ഥിക്കുന്നത്, അഥവാ ദൈവത്തിന്‍റെ കൃപ ഇല്ലായിരുന്നുവെങ്കില്‍ അത് നമ്മില്‍ ആരെങ്കിലും ആയിരുന്നേനെ എന്ന് ലളിതമായി മനസ്സിലാക്കുന്നത്, ഇവയൊക്കെയാണ് ജ്ഞാനമായ കാര്യം.
"തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവർത്തിപ്പിൻ". (ഗലാത്യര്‍ 6:2).
നമ്മുടെ ജീവിതയാത്രയില്‍, മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളും നമുക്ക് മുറുകെപിടിക്കാം. നമ്മുടെ മനസ്സിനെയും ഹൃദയത്തേയും അപവാദങ്ങളാല്‍ നിറയ്ക്കുന്നതിനു പകരം, ജ്ഞാനത്താലും, വിവേകത്താലും നമുക്ക് അവയെ നിറയ്ക്കാം. ഓരോ കഥകളും, ഓരോ വീഴ്ചകളും, പഠിക്കുവാനും, വളരുവാനും കര്‍ത്താവിനോടു കൂടുതല്‍ അടുക്കുവാനുമുള്ള അവസരങ്ങളാണ്.
"ജ്ഞാനിയുടെ ഹൃദയം അവന്‍റെ വായ് പഠിപ്പിക്കുന്നു; അവന്‍റെ അധരങ്ങൾക്കു വിദ്യ വർധിപ്പിക്കുന്നു". (സദൃശ്യവാക്യങ്ങള്‍ 16:23).
ആയതിനാല്‍ കിംവദന്തിയില്‍ പങ്കുചേരുവാനോ, മറ്റുള്ളവരുടെ തകര്‍ച്ചയില്‍ ആസ്വദിക്കുവാനോ അടുത്ത പ്രാവശ്യം നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെടുമ്പോള്‍, ഒന്ന് നിര്‍ത്തി ചിന്തിക്കുക. "ഇത് എന്താണ് പഠിപ്പിക്കുന്നത്?" എന്ന് നിങ്ങളോടുതന്നെ ചോദിക്കുക. അങ്ങനെ ചെയ്യുന്നതില്‍ കൂടി, നിങ്ങള്‍ ജ്ഞാനത്തില്‍ വളരുക മാത്രമല്ല മറിച്ച് കൃപയും അനുകമ്പയും നിറഞ്ഞതായ ഒരു വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു.
പ്രാര്‍ത്ഥന
പിതാവേ, മറ്റുള്ളവര്‍ അപവാദങ്ങള്‍ കാണുന്നിടത്ത് നിന്നും ജീവിത പാഠങ്ങള്‍ കാണുവാന്‍ എനിക്ക് വിവേചനം തരേണമേ. ഞങ്ങളെല്ലാവരും ഒരേ യാത്രയില്‍ ആയിരിക്കുന്നു എന്ന വിവേകത്തോടെയും അനുകമ്പയോടെയും മറ്റുള്ളവരെ ഞാന്‍ സമീപിക്കട്ടെ. ജ്ഞാനത്തിലും കൃപയിലും വളരുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ഒരു മാതൃക ആയിരിക്കുക● എന്താണ് ആത്മവഞ്ചന? - I
● കര്ത്താവ് ഹൃദയത്തെ ശോധന ചെയ്യുന്നു
● ആരാധന: സമാധാനത്തിലേക്കുള്ള താക്കോല്
● യേശുവിങ്കലേക്ക് നോക്കുക
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● പരിശുദ്ധാത്മാവിന്റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
അഭിപ്രായങ്ങള്‍