ചരിത്രത്തിന്‍റെ രേഖകളില്‍, എബ്രഹാം ലിങ്കണ്‍ മികച്ച ഒരു വ്യക്തിത്വമായി നിലകൊള്ളുന്നു, അത് കേവലം അമേരിക്കയുടെ ഏറ്റവും പ്രക്ഷുബ്ദമായ ഒരു കാലഘട്ടത്തിലെ അദ്ദേഹത്തിന്‍റെ മികച്ച നേതൃത്വവുമായി മാത്രം ബന്ധപ്പെട്ടല്ല മറിച്ച് മാനുഷീക സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ആഴമായ ഗ്രാഹ്യത്തെക്കുറിച്ചും ബന്ധപ്പെട്ടതാണ്. "ഏതാണ്ട് എല്ലാ ആളുകള്‍ക്കും പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ സാധിക്കും, എന്നാല്‍ നിങ്ങള്‍ ഒരു വ്യക്തിയുടെ സ്വഭാവത്തെ പരിശോധിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവനു അധികാരം നല്‍കുക" എന്ന തന്‍റെ പ്രശസ്തമായ പ്രസ്താവന, സദ്ഗുണമുള്ള ഒരു വ്യക്തി എന്താണെന്നുള്ളതിന്‍റെ അന്തര്‍ഭാഗത്തിലേക്ക് തുളച്ചുകയറുന്നതാണ്.
പലവിധമായ കഴിവിന്‍റെ പ്രകടനങ്ങള്‍ കൊണ്ട് ലോകം പലപ്പോഴും നമ്മെ അമ്പരിപ്പിക്കുന്നു. പൂര്‍വ്വകാല പ്രകടനത്തെ തിരുത്തുന്ന കായിക താരങ്ങള്‍ മുതല്‍ ഹൃദയങ്ങളെ ചലിപ്പിക്കുന്ന സംഗീതജ്ഞര്‍ വരെ, പ്രതിഭകള്‍ ആഘോഷിക്കപ്പെടുന്നു, പ്രദര്‍ശിപ്പിക്കപ്പെടുന്നു, മാത്രമല്ല വിഗ്രഹവല്‍ക്കരിക്കപ്പെടുക പോലും ചെയ്യുന്നു. എന്നിരുന്നാലും, പുറമേ കാണുന്ന ഈ നേട്ടങ്ങള്‍ക്ക് അപ്പുറമായി, കൂടുതല്‍ ആഴമായ, അധികം സഹനശക്തിയുള്ള ചിലതുണ്ട്: സ്വഭാവം.
"മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു". (1 ശമുവേല്‍ 16:7).
താലന്തുകള്‍ പ്രത്യേക പ്രകാശത്തില്‍ തിളങ്ങിയേക്കാം എന്നാല്‍ സ്വഭാവം നിഴലുകളില്‍ നിന്നും നിര്‍മ്മിച്ചെടുത്തതാണ്. ഇത് ആരും കാണാതെയിരിക്കുമ്പോള്‍ നാം കൈക്കൊള്ളുന്ന തീരുമാനങ്ങളാണ്, സദസ്സ് ഇല്ലാതെ തന്നെ നാം സ്വീകരിക്കുന്ന ത്യാഗങ്ങളാണ്, അതുപോലെ അംഗീകാരങ്ങള്‍ ഒന്നും ഇല്ലാതിരിക്കുമ്പോള്‍ നാം ഉയര്‍ത്തിപ്പിടിക്കുന്ന സത്യസന്ധതയാണ്. നമ്മുടെ കഴിവുകളും താലന്തുകളും ഈ ലോകത്തില്‍ നമുക്ക് വേദികളും അവസരങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍, നാം എത്രകാലം അവിടെ തുടരണമെന്നും നാം അവശേഷിപ്പിക്കേണ്ടതായ പൈതൃകം എന്താണെന്നും നിര്‍ണ്ണയിക്കുന്നത് സ്വഭാവമാകുന്നു.
"അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്" (സദൃശ്യവാക്യങ്ങള്‍ 22:1).
നമ്മുടെ സ്വഭാവം നമ്മുടെ കഴിവുകളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതാണ്. അത് നമ്മുടെ തീരുമാനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ഒരു കോമ്പസാണ്, നമ്മുടെ കൊടുങ്കാറ്റുകളിലെ നങ്കൂരമാകുന്നു, മാത്രമല്ല നാം കൈമാറുന്ന പൈതൃകവും ആകുന്നു.സദൃശ്യവാക്യങ്ങളുടെ എഴുത്തുക്കാരന്‍ പ്രസ്താവിച്ചിരിക്കുന്നതുപോലെ, "നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു". (സദൃശ്യവാക്യങ്ങള്‍ 11:30). സ്വഭാവത്തിന്‍റെ ഫലം നമ്മെ മാത്രമല്ല മറിച്ച് നമുക്ക് പിന്നാലെ വരുന്നവരേയും പരിപോഷിപ്പിക്കുന്നു.
എന്നാല്‍ ഈ അവ്യക്തമായ സ്വഭാവം നമുക്ക് എങ്ങനെ പണിതെടുക്കാം?
വെല്ലുവിളികളുടെ കഠിനമായ പരീക്ഷണങ്ങളിലാണ് പലപ്പോഴും സ്വഭാവം പണിയപ്പെടുന്നത്. എളുപ്പമുള്ള തെറ്റുകളെക്കാള്‍ കഠിനമായ ശരിയെ തിരഞ്ഞെടുക്കുന്ന ശാന്തമായ നിമിഷങ്ങളാകുന്നിത്. ലോകം കുറുക്കുവഴികള്‍ വാഗ്ദാനം ചെയ്യുമ്പോഴും, ജ്ഞാനവും വിവേകവും അന്വേഷിക്കുന്നതാണിത്.
"ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു". (യാക്കോബ് 3:17).
ദൈവീക ജ്ഞാനം നാം ആലിംഗനം ചെയ്യുമ്പോള്‍, നമ്മുടെ സ്വഭാവം ദൈവീക തത്വങ്ങളുമായി പൊരുത്തപ്പെടുന്നു. ഇത് പരാജയങ്ങളെയോ അഥവാ തെറ്റുകളെയോ ഒഴിവാക്കുന്നതല്ല മറിച്ച് നാം പരാജയപ്പെടുന്ന ഓരോ പ്രാവശ്യവും എഴുന്നേല്‍ക്കുന്നതിനെക്കുറിച്ചും, പഠിക്കുന്നതിനെക്കുറിച്ചും, വളരുന്നതിനെക്കുറിച്ചും, ദൈവത്തിന്‍റെ കൃപയില്‍ ചാരുന്നതിനെക്കുറിച്ചും ആകുന്നു.
ജീവിതത്തിലൂടെ നാം സഞ്ചരിക്കുമ്പോള്‍, നമ്മുടെ അഭിലാഷങ്ങള്‍ ഒരുപക്ഷേ നമ്മുടെ പ്രവര്‍ത്തനതലത്തിന്‍റെ നെറുകയില്‍ എത്തുകയോ അഥവാ മഹത്തായ നാഴികക്കല്ലുകള്‍ നേടിയെടുക്കുകയോ ആയിരിക്കാം. എന്നാല്‍, ജീവിതങ്ങളെ യഥാര്‍ത്ഥമായി സ്വാധീനിക്കുവാനും മായാത്ത ഒരു മുദ്ര പതിപ്പിക്കുവാനും വേണ്ടി, അധികമായി ചെയ്യുന്നതിനേക്കാള്‍ നാം മുന്‍ഗണനാക്രമം ഉണ്ടാക്കണമെന്നതാണ് ആവശ്യമെന്ന് നാം ഓര്‍ക്കണം. നമ്മുടെ സ്വഭാവത്തെ നാം ഉയര്‍ത്തുമ്പോള്‍, സമാന ചിന്താഗതിക്കാരായ ആളുകള്‍ക്ക് നാം ഒരു ആകര്‍ഷകമായി മാറുന്നു. ആളുകള്‍ക്ക് ആധികാരികതയാണ് ആവശ്യമായിരിക്കുന്നത്, പ്രവര്‍ത്തികള്‍ തങ്ങളുടെ വാക്കുകളുമായി പൊരുത്തപ്പെടുന്നവര്‍, വാക്കുകള്‍ പാലിക്കുന്ന ആളുകള്‍, തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിന്‍റെ സ്നേഹവും കൃപയും ചൊരിയുന്നവര്‍ ഇങ്ങനെയുള്ളവരെ.
"അതുകൊണ്ടു ദൈവത്തിന്‍റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും". (കൊലൊസ്സ്യര്‍ 3:12).
മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തുവാനുള്ള വ്യക്തിപ്രഭാവത്തെക്കാള്‍ സ്വഭാവത്തിനും, ശൈലിയെക്കള്‍ സത്തയ്ക്കും, സ്വാധീനത്തെക്കാള്‍ സത്യസന്ധതയ്ക്കും ആളുകള്‍ വില കല്‍പ്പിക്കുന്ന ഒരു ലോകത്തെക്കുറിച്ച് സങ്കല്‍പ്പിക്കുക. ക്രിസ്തുവിന്‍റെ പ്രകാശം വഹിക്കുന്നവര്‍ എന്ന നിലയില്‍, മാതൃകയോടെ നയിക്കുവാനുള്ള പദവിയും ഉത്തരവാദിത്വവും നമുക്കുണ്ട്. ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന താലന്തുകളുടെ മാത്രമല്ല പ്രത്യുത ദൈവം നമ്മില്‍ പണിതിരിക്കുന്ന സ്വഭാവങ്ങളുടെയും സാക്ഷ്യമായിരിക്കട്ടെ നമ്മുടെ ജീവിതം.
പ്രാര്‍ത്ഥന
പിതാവേ, താലന്തുകളെക്കാള്‍ ഉപരിയായി സ്വഭാവത്തിന് മുന്‍ഗണന നല്‍കുവാനുള്ള ജ്ഞാനം ഞങ്ങള്‍ക്ക് നല്‍കേണമേ. മറ്റുള്ളവരെ അങ്ങയുടെ കൃപയുടെ അരികിലേക്ക് ആകര്‍ഷിച്ചുകൊണ്ട്, ഞങ്ങളുടെ ജീവിതം അങ്ങയുടെ ഹൃദയത്തെ പ്രകടമാക്കട്ടെ. തീരുമാനങ്ങളുടെ നിമിഷങ്ങളില്‍ ഞങ്ങളെ ബലപ്പെടുത്തെണമേ അങ്ങനെ ഞങ്ങളുടെ പൈതൃകം നിലനില്‍ക്കുന്ന സത്യസന്ധതയുടെ ഒന്നായിരിക്കും. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ അടുത്ത ഉദ്ധാരകന്‍ ആകുവാന്‍ നിങ്ങള്‍ക്ക് കഴിയും● കര്‍ത്താവേ എന്റെ ദീപത്തെ കത്തിക്കേണമേ
● താമസമില്ലാത്ത അനുസരണത്തിന്റെ ശക്തി
● ദിവസം 07: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക
● വിത്തിനെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന സത്യം
● നമ്മുടെ രക്ഷകന്റെ നിരുപാധികമായ സ്നേഹം
അഭിപ്രായങ്ങള്‍