അനുദിന മന്ന
നിലവിലുള്ള അധാര്‍മ്മികതയുടെ നടുവിലും സ്ഥിരതയോടെ നില്‍ക്കുക
Thursday, 19th of October 2023
1
0
709
"ലോത്തിന്‍റെ കാലത്തു സംഭവിച്ചതുപോലെയും തന്നെ. . . " (ലൂക്കോസ് 17:28).
ഇന്നത്തെ ലോകത്തില്‍, കഴിഞ്ഞകാല പരിഷ്കാരങ്ങളെയും അവയുടെ ലംഘനങ്ങളെയും പ്രതിധ്വനിപ്പിക്കുന്ന മാതൃകകളും പ്രവണതകളും നാം നിരീക്ഷിക്കുന്നു. സോദോം, ഗോമോറ പട്ടണങ്ങള്‍ ധാര്‍മ്മീകമായി അധഃപതനത്തിന്‍റെ ആഴങ്ങളിലേക്ക് പോയ ഒരു കാലഘട്ടമായ ലോത്തിന്‍റെ നാളുകളും നമ്മുടെ ഇന്നത്തെ സംസ്കാരവും തമ്മിലുള്ള സമാന്തരമാണ് പ്രത്യേകിച്ച് സങ്കടകരമായ കാര്യം. ഉല്പത്തി പുസ്തകം നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, സൂര്യന്‍ ഉദിച്ചു, ആളുകള്‍ അവരുടെ ദൈനംദിന ജീവിതത്തിലേക്ക് തിരിഞ്ഞു, ആസന്നമായ നാശത്തിന്‍റെ നേരിട്ടുള്ള അടയാളങ്ങള്‍ ഒന്നും പ്രത്യക്ഷമായില്ല. എന്നിരുന്നാലും, ന്യായവിധി ചക്രവാളത്തില്‍ ഉണ്ടായിരുന്നു എന്നത് പലര്‍ക്കും അജ്ഞാതമായിരുന്നു.
സോദോം അതിന്‍റെ വ്യാപകമായ ലൈംഗീക അധാര്‍മ്മീകതയാല്‍ അറിയപ്പെട്ടിരുന്നു, ലോത്തിനെ സന്ദര്‍ശിക്കുവാന്‍ വന്ന ദൂതന്മാരുമായി അവിഹിതബന്ധം ആഗ്രഹിച്ചുകൊണ്ട് നിര്‍ഭയമായി അവരെ അന്വേഷിച്ചുകൊണ്ട് വന്നു (ഉല്പത്തി 19:1-5). അവരുടെ ധാര്‍ഷ്ട്യവും ധാര്‍മ്മീക നിയന്ത്രണമില്ലായ്മയും ശരിക്കും ഞെട്ടിക്കുന്നതാണ്. ഇന്നത്തെ സാഹചര്യത്തില്‍, ദൈവീക മൂല്യങ്ങളോടുള്ള നഗ്നമായ അവഗണനയും, സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അതിര്‍വരമ്പുകളും ജഡീക മോഹങ്ങളുടെ അടിസ്ഥാന തത്വങ്ങളെ അവഗണിക്കുന്നതും നാം പലപ്പോഴും കാണുന്നു.
എന്നിരുന്നാലും, ഇതിന്‍റെയെല്ലാം മദ്ധ്യത്തില്‍, വേദപുസ്തകം ജ്ഞാനവും, മാര്‍ഗ്ഗനിര്‍ദ്ദേശവും, പ്രത്യാശയും നല്‍കുന്നു. അപ്പോസ്തലനായ പൌലോസ് 2 തിമോഥെയോസ് 3:1-5 വരെയുള്ള ഭാഗത്ത് എഴുതിയിരിക്കുന്നു, "അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്‍റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക". പൌലോസിന്‍റെ വാക്കുകള്‍ ഭയം ഉളവാക്കുവാനല്ല മറിച്ച് നാം ജാഗ്രതയുള്ളവര്‍ ആകുവാനും നമ്മുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവാനും വേണ്ടി നമ്മെ ഒരുക്കുവാനാണ്.
എന്നാല്‍ നമുക്ക് എങ്ങനയാണ് പ്രതിരോധശേഷിയില്‍ നിലനില്‍ക്കുവാന്‍ കഴിയുന്നത്?
1. ദൈവവചനത്തില്‍ നിങ്ങളെത്തന്നെ ഉറപ്പിക്കുക:
"നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു". (സങ്കീര്‍ത്തനം 119:105). ലോകം ഇരുളടഞ്ഞതായിരിക്കുമ്പോള്‍, ദൈവത്തിന്‍റെ വചനം നമുക്ക് വഴികാട്ടുന്ന വെളിച്ചമായി നില്‍ക്കുന്നു, അത് നമ്മുടെ പാതകളെ പ്രകാശിപ്പിക്കുകയും ഇരുട്ടില്‍ നാം ഇടറിപോകുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
2. ദൈവഭയമുള്ള ഒരു സഭയുടെ/നേതൃത്വത്തിന്‍റെ ഭാഗമാകുക:
സഭാപ്രസംഗി 4:12 പറയുന്നു, "ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്ക് അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകയില്ല". ഈ അന്ത്യകാലത്ത് ദൈവഭവനവുമായി ബന്ധപ്പെട്ടിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നു, അല്ലെങ്കില്‍ നിങ്ങള്‍ മാലിന്യത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് തുടച്ചുനീക്കപ്പെട്ടെക്കാം. അതുപോലെ, ധാര്‍മ്മീക തകര്‍ച്ചക്കെതിരെ ഉറച്ചു നില്‍ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന, നിങ്ങളുടെ ആത്മാവിനെ പുഷ്ടിപ്പെടുത്തുന്ന നേതൃത്വവുമായി ബന്ധപ്പെട്ടിരിക്കണം. നിങ്ങള്‍ കരുണാസദന്‍ സഭയുടെ യോഗങ്ങളില്‍ പങ്കെടുക്കുകയാണെങ്കില്‍, ഒരു ജെ-12 ലീഡറുമായി ബന്ധപ്പെടുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
3. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കര്‍ത്താവിനെ അന്വേഷിക്കുക:
ഈ അന്ത്യകാലത്ത് ഉപവാസവും പ്രാര്‍ത്ഥനയും വളരെ പ്രധാനപ്പെട്ടതാണ്. അത് നിങ്ങളുടെ ആത്മ മനുഷ്യനില്‍ ദൈവത്തിന്‍റെ അഗ്നിയെ കത്തിച്ചുനിര്‍ത്തും. 1 തെസ്സലോനിക്യര്‍ 5:17ല്‍ അപ്പോസ്തലനായ പൌലോസ് പ്രബോധിപ്പിക്കുന്നതുപോലെ, നാം "ഇടവിടാതെ പ്രാർഥിപ്പിൻ".
4. പ്രകാശമായിരിക്കുക:
അന്ധകാരത്തെ ശപിക്കുന്നതിനു പകരം, പ്രകാശം പരത്തുവാന്‍ വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. മത്തായി 5:14-16 വരെയുള്ള വാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, "നിങ്ങൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു. . . . . അങ്ങനെതന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ".
പ്രക്ഷുബ്ദമായ ഈ കാലങ്ങളിലൂടെ സഞ്ചരിക്കുന്നതിനു, അധാര്‍മ്മീകതയുടെ ജലപ്രവാഹത്തില്‍ മുങ്ങിപോകേണ്ടതില്ല മറിച്ച് ഒരിക്കലും മങ്ങാത്ത നിത്യമായ പ്രകാശമായിരിക്കുന്ന കര്‍ത്താവായ യേശുക്രിസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. എബ്രായര്‍ 12:2 നമ്മെ ഇപ്രകാരം പ്രബോധിപ്പിക്കുന്നു, "വിശ്വാസത്തിന്‍റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക". യേശു ഈ ഭൂമിയില്‍ കൂടി സഞ്ചരിച്ചു, നമ്മുടെ പരീക്ഷണങ്ങളെ മനസ്സിലാക്കി, നമ്മുടെ വെല്ലുവിളികളെ അഭിമുഖീകരിച്ചു, എന്നിട്ടും പാപമില്ലാത്തവനായി തുടര്‍ന്നു. അവനില്‍, നാം നമ്മുടെ മാതൃകയും, നമ്മുടെ ശക്തിയുടെ ഉറവിടവും, പ്രത്യാശയുടെ ദീപശിഖയും നാം കണ്ടെത്തുന്നു.
പ്രാര്‍ത്ഥന
പിതാവേ, വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടങ്ങളില്‍, അങ്ങയുടെ വചനത്തിലും വഴികളിലും ഞങ്ങളെ ഉറപ്പിക്കേണമേ. ഞങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതം ബലപ്പെടുത്തേണമേ മാത്രമല്ല ഞങ്ങള്‍ പോകുന്നിടത്തെല്ലാം ഞങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ. ലോകത്തിന്‍റെ വശീകരണത്തെക്കാള്‍ അങ്ങയുടെ പാത ഞങ്ങള്‍ എല്ലായിപ്പോഴും തിരഞ്ഞെടുക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ഇന്നത്തെ സമയങ്ങളില് ഇതു ചെയ്യുക● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
● ജീവന്റെ പുസ്തകം
● ദൈവീകമായ ശീലങ്ങള്
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
● രണ്ടു പ്രാവശ്യം മരിക്കരുത്
● ആത്മീയ വാതിലുകള് അടയ്ക്കുന്നു
അഭിപ്രായങ്ങള്‍