അനുദിന മന്ന
ദിവസം 32: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Thursday, 11th of January 2024
2
0
623
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
രാജ്യത്തിനും, നേതാക്കള്‍ക്കും, സഭയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന.
"എന്നാൽ സകല മനുഷ്യർക്കും നാം സർവഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കുംവേണ്ടി യാചനയും പ്രാർഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു. അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു". (1 തിമോഥെയോസ് 2:1-3).
ഒരു ക്രിസ്ത്യാനിയുടെ കരങ്ങളിലെ സംരക്ഷണ ശക്തികളില്‍ ഒന്നാണ് പ്രാര്‍ത്ഥന. അതിലൂടെ, ഭൌമ മണ്ഡലത്തില്‍ ദൈവത്തിന്റെ ഹിതം നടപ്പിലാക്കുവാന്‍ സാധിക്കും. നാം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്ന് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു, മടുത്തുപോകാതെ പ്രാര്‍ത്ഥിക്കണമെന്നും ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥന കൂടാതെ, ദൈവം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ ഭൌമ മണ്ഡലത്തില്‍ തടസ്സപ്പെടും കാരണം മനുഷ്യരുടെ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിനു നിയമപരമായ പ്രവേശനം നല്കുന്ന പ്രവേശനപഥമാണ് പ്രാര്‍ത്ഥന. ദൈവം സര്വ്വാധികാരിയാകുന്നു, അവനു ഏതു സമയത്തും എല്ലാ കാലത്തും പ്രവര്‍ത്തിക്കുവാന്‍ കഴിയും, എന്നാല്‍ ദൈവം താന്‍തന്നെ പ്രാര്‍ത്ഥനയാല്‍ പ്രവര്‍ത്തിക്കുവാന്‍ പ്രതിബദ്ധനാണ്. നാം പ്രാര്ത്ഥിക്കുമെങ്കില്, ദൈവം കേള്‍ക്കുകയും, മറുപടി നല്‍കുകയും, നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിവര്‍ത്തിക്കയും ചെയ്യുന്നു.
എന്തുകൊണ്ട് നാം നമ്മുടെ നേതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം?
1. ദൈവത്തിന്റെ ഹൃദയത്തിലുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ നമ്മുടെ പ്രാര്‍ത്ഥന നമ്മുടെ നേതാക്കളെ സഹായിക്കും.
നമ്മുടെ നേതാക്കന്മാര് ദൈവഹിതം അനുസരിക്കുന്നവരും ദൈവത്തെ ഭയപ്പെടുന്നവരും ആകേണ്ടതിനു പ്രാര്‍ത്ഥന അവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. നമ്മുടെ നേതാക്കള്‍ക്കും, രാജ്യത്തിനും, സഭയ്ക്കും വേണ്ടി പ്രാര്‍ത്ഥന കഴിക്കാതിരിക്കുമ്പോള്‍, അനേക കാര്യങ്ങള്‍ ദൈവത്തിന്റെ ഹിതത്തിനു വിപരീതമായി പോകും. ജനങ്ങളെ ദൈവഹിതം അനുസരിച്ച് നയിക്കുന്ന ദൈവഭയമുള്ള നേതാക്കന്മാര് നമുക്ക് ഉണ്ടാകേണ്ടതിനു, അവരുടെ ഹൃദയങ്ങളെ നിരന്തരമായി സ്പര്ശിക്കുവാന് നാം ദൈവത്തോട് പ്രാര്‍ത്ഥിക്കണം.
2. നമ്മുടെ നേതാക്കന്മാര് ജ്ഞാനത്തോടെ ഭരിക്കേണ്ടതിനു നാം നമ്മുടെ നേതാക്കന്മാര്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.
ജ്ഞാനമാണ് പ്രധാന കാര്യം, വിജയകരമായി നേതൃത്വം നല്കുവാന് ഓരോ നേതാക്കന്മാര്ക്കും ജ്ഞാനം ആവശ്യമാകുന്നു.
ശലോമോന് നേതൃത്വത്തിന്റെ മേലങ്കി അണിഞ്ഞപ്പോള്‍, ജ്ഞാനത്തിനായുള്ള അവന്റെ ആവശ്യകത അവന് പെട്ടെന്ന് തിരിച്ചറിഞ്ഞു. അവന്റെ പ്രധാനപ്പെട്ട ആവശ്യം ജ്ഞാനമാകുന്നു എന്ന് അവന് അറിഞ്ഞു.
എന്തിനു വേണ്ടിയും ചോദിക്കുവാനുള്ള തുറന്ന ഒരു അവസരം ദൈവം അവനു നല്കിയപ്പോള്, അവന് പറഞ്ഞു:
"എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കറിവില്ല. നീ തിരഞ്ഞെടുത്തതും പെരുപ്പം നിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയൊരു മഹാജാതിയായ നിന്റെ ജനത്തിന്റെ മധ്യേ അടിയൻ ഇരിക്കുന്നു. ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്വാൻ ആർക്കു കഴിയും". (1 രാജാക്കന്മാര് 3:7-9).
അവന് ദീര്‍ഘായുസ്സോ അതുപോലെ ധനസമ്പത്തോ ചോദിക്കാതിരുന്നതുകൊണ്ട് ദൈവം അവന്റെ അപേക്ഷയില്‍ പ്രസാദിച്ചു. ദൈവം അവനു ജ്ഞാനവും, സമ്പത്തും, അവന് ചോദിക്കാത്ത സകലതും നല്കുവാന് ഇടയായി. നമ്മുടെ നേതാക്കള്‍ സമൂഹത്തില്‍ നിരവധിയായ ആളുകളേയും പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നതുകൊണ്ട് അവര്‍ക്ക് ജ്ഞാനം ആവശ്യമാണ്. ജ്ഞാനം ഇല്ലെങ്കില്‍, അനേകം തലമുറകളുടെ ഭാവിയെ ബാധിച്ചേക്കാവുന്ന ദ്രുതഗതിയിലുള്ളതും ദൈവീകമല്ലാത്തതുമായ തീരുമാനങ്ങള്‍ അവര്‍ കൈക്കൊള്ളുവാന്‍ സാദ്ധ്യതയുണ്ട്.
എന്തുകൊണ്ട് സഭയ്ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം?
ഭൂമിയില്‍ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതാണ് സഭ, അതുകൊണ്ട് സഭയ്ക്കുവേണ്ടിയും ദൈവത്തോട് പ്രാര്‍ത്ഥന കഴിക്കേണ്ടത് ആവശ്യമാകുന്നു.
1. ഭൂമിയില്‍ ദൈവത്തിന്റെ കാര്യത്തില്‍ സഭയ്ക്ക് മുന്നേറുവാന്‍ സാധിക്കേണ്ടതിനു ദൈവജനത്തിന്റെ പ്രാര്‍ത്ഥന സഭയ്ക്ക് അനിവാര്യമാണ്.
2. സമൂഹത്തിലും, ജനങ്ങളുടെ ജീവിതത്തിലും, രാജ്യങ്ങളിലും ശത്രുവിന്റെ കോട്ടകള്‍ തകര്ക്കപ്പെടേണ്ടതിനു സഭയ്ക്ക് പ്രാര്‍ത്ഥന ആവശ്യമാകുന്നു.
3. സുവിശേഷം പ്രചരിപ്പിക്കേണ്ടതിനു സഭയ്ക്ക് നമ്മുടെ പ്രാര്‍ത്ഥന ആവശ്യമാണ്.
4. ലൌകീക കാര്യങ്ങളിലേക്ക് ശ്രദ്ധ വ്യതിചലിക്കാതെയും ആകര്ഷിക്കപ്പെടാതെയും ശരിയായ ഗതിയില്‍ നില്ക്കേണ്ടതിനു സഭയ്ക്ക് നമ്മുടെ പ്രാര്‍ത്ഥന ആവശ്യമാണ്.
സഹോദരങ്ങളെ, നമ്മുടെ ഹൃദയത്തില്‍ നിന്നും സഭയ്ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു കാരണം സഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് നമുക്കുവേണ്ടി കൂടി പ്രാര്‍ത്ഥിക്കുന്നതാകുന്നു. അതുപോലെ നമ്മുടെ നേതാക്കന്മാര്ക്കും നമ്മുടെ രാജ്യത്തിനും വേണ്ടി നാം പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വചനം പറയുന്നു, "യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർഥിപ്പിൻ," കാരണം നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ക്കും സമാധാനം ഉണ്ടാകും (സങ്കീര്‍ത്തനം 122:6-8).
ഉദാഹരണത്തിനു, റഷ്യയുമായി യുദ്ധം നടക്കുന്ന ഉക്രൈനില്‍, കാര്യങ്ങള്‍ സാധാരണ ഗതിയിലല്ല പോകുന്നത്. ബിസിനസ്സുകളും മറ്റു പല കാര്യങ്ങളും ബാധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ല എങ്കില്‍, നിങ്ങളുടെ നേതാക്കള്‍ക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നില്ല എങ്കില്‍, സഭയ്ക്ക്, രാജ്യത്തിനു, അഥവാ നേതാക്കന്മാര്ക്ക് വിരോധമായി എന്തുതന്നെ സംഭവിച്ചാലും, അത് നിങ്ങളേയും ബാധിക്കും. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ കുടുംബത്തേയും ബിസിനസ്സിനെയും ബാധിക്കുവാന്‍ ഇടയാകും. ആകയാല്‍, ഇന്ന് ഈ പ്രാര്‍ത്ഥനയില്‍ നാം വാഞ്ചയുള്ളവരായിരിക്കയും നമുക്കുള്ളതെല്ലാം നല്‍കുകയും വേണം, അങ്ങനെ ദൈവത്തിനു നമ്മുടെ ദേശത്തേക്ക് കടന്നുവരുവാനും നമ്മുടെ സഭയില്‍ ദൈവം ചെയ്യുവാന്‍ നിയോഗിച്ചിരിക്കുന്ന സകല കാര്യങ്ങളും ചെയ്യുവാന്‍ അഗ്നിയും കൃപയും കൊണ്ട് സഭയെ ശക്തീകരിക്കുകയും ചെയ്യും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. പിതാവേ, യേശുക്രിസ്തുവിന്റെ നാമത്തില്‍, അങ്ങയുടെ ഹിതം ഞങ്ങളുടെ രാജ്യത്തിന്മേല് നടക്കട്ടെ, യേശുവിന്റെ നാമത്തില്‍. (മത്തായി 6:10).
2. ഞങ്ങളുടെ രാജ്യത്തിന്മേലുള്ള ഏതൊരു സാത്താന്യ പദ്ധതികളും യേശുവിന്റെ നാമത്തില്‍ ഛേദിക്കപ്പെടട്ടെ. അത് വെളിപ്പെടുകയില്ല എന്ന് യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ കല്‍പ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. (2 കൊരിന്ത്യര്‍ 10:4-5).
3. കര്‍ത്താവേ, ശക്തിയോടും കൃപയോടും കൂടെ മുന്നേറുവാന്‍ അങ്ങയുടെ സഭയെ ശക്തീകരിക്കേണമേ, യേശുവിന്റെ നാമത്തില്‍. (അപ്പൊ.പ്രവൃ 1:8)..
4. പിതാവേ, ഒരു സഭയെന്ന നിലയില്‍ അവിടുന്ന് ഞങ്ങളുടെ കരങ്ങളില്‍ ഭരമേല്പ്പിച്ചിരിക്കുന്ന പ്രവര്‍ത്തികളിലേക്കും, കൊയ്ത്തിലേക്കും വേലക്കാരെ അയയ്ക്കേണമേ, യേശുവിന്റെ നാമത്തില്‍. (മത്തായി 9:38).
5. പിതാവേ, ദേശീയമായ പ്രതിസന്ധികളും പ്രശ്നങ്ങളും നിയന്ത്രിക്കുവാനും അത് പരിഹരിക്കുവാനുമുള്ള ജ്ഞാനം അങ്ങ് ഞങ്ങളുടെ നേതാക്കന്മാര്ക്ക് നല്കുവാന് വേണ്ടി ഞങ്ങളുടെ നേതാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, യേശുക്രിസ്തുവിന്റെ നാമത്തില്‍. (യാക്കോബ് 1:5).
6. പിതാവേ, ഞങ്ങളുടെ നേതാക്കള്‍ അങ്ങയുടെ കല്പനകള് പ്രമാണിക്കുവാനും അങ്ങയുടെ ഭയം അവരുടെ ഹൃദയങ്ങളില്‍ ഉണ്ടാകേണ്ടതിനും ഞങ്ങളുടെ നേതാക്കള്‍ക്കുവേണ്ടി യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 9:10).
7. പിതാവേ, ഈ രാജ്യത്തിന്റെ നീതിയെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ദീര്‍ഘകാലം ജീവിക്കുന്നതിനു ഞങ്ങളുടെ നേതാക്കളെ അവിടുന്ന് സൂക്ഷിക്കേണ്ടതിനും സംരക്ഷിക്കേണ്ടതിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, യേശുവിന്റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 3:1-2).
8. പിതാവേ, ദാനിയേലിനെ പോലെ നീതിയുള്ള നേതാക്കന്മാരെയും, നെഹമ്യാവിനെ പോലെ ദൈവഭക്തന്മാരായ നേതാക്കളെയും, മോശെയെയും യോശുവയേയും പോലെ അങ്ങയുടെ ഹിതം ചെയ്യുന്നതായ ശക്തരായ നേതാക്കളേയും എഴുന്നേല്‍പ്പിക്കേണമേ. ഞങ്ങളുടെ തലമുറയില്‍ അവരെ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേല്‍പ്പിക്കേണമേ. ആമേന്‍. (ദാനിയേല്‍ 1:17, നെഹമ്യാവ് 1:4, എബ്രായര്‍ 11:23-29).
Join our WhatsApp Channel
Most Read
● ജീവന്റെ പുസ്തകം● മനസ്സില്‍ നിത്യതയുമായി ജീവിക്കുക
● സ്തുതി വര്‍ദ്ധനവ് കൊണ്ടുവരും
● അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ : സൂചകം # 1
● ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2
● ദൈവത്തിന്റെ 7 ആത്മാക്കള്‍: വിവേകത്തിന്റെ ആത്മാവ്
അഭിപ്രായങ്ങള്‍